ചിട്ടി തട്ടിപ്പുകളിൽ കുടുങ്ങി ജനം; പണം ആവശ്യപ്പെട്ടാൽ ഭീഷണിയും ഗുണ്ടായിസവും
1466157
Sunday, November 3, 2024 6:43 AM IST
വടക്കഞ്ചേരി: നാട്ടിൻപുറങ്ങളിൽ ചിട്ടി തട്ടിപ്പുകൾ വ്യാപകമാകുന്നതായി പരാതി. കൂലിപ്പണിക്ക് പോകുന്ന പാവപ്പെട്ട ആളുകളാണ് ചിട്ടി നടത്തിപ്പുകാരുടെ ഇരകളാകുന്നതിൽ കൂടുതൽ പേരും.
പണിക്ക്പോയി കിട്ടുന്ന കൂലിയിൽനിന്നും നിശ്ചിത തുക ഭാവിയിലെ ചെലവുകൾക്കായി ചിട്ടികളിൽ അടക്കും. പണം അടക്കാനും കുറി വട്ടമെത്തിയാൽ തുക കിട്ടാനുള്ള സൗകര്യവും നോക്കിയാണ് ആളുകൾ ഇത്തരം ചിട്ടികളിൽ ചേരുന്നത്.
എന്നാൽ ചിട്ടിയിൽ ചേർത്തുമ്പോൾ കാണിക്കുന്ന ഉദാരമനസൊന്നും ചിട്ടി ആരംഭിച്ചാൽ ഉണ്ടാകാറില്ലെന്ന് ചിട്ടിയിൽ ചേർന്ന് കബളിപ്പിക്കപ്പെട്ട കിഴക്കഞ്ചേരി വാൽകുളമ്പിനടുത്ത് വെള്ളികുളമ്പിലെ സുലൈമാൻ പറഞ്ഞു. ചിട്ടി തുക സംബന്ധിച്ച് നടത്തിപ്പുകാർ പറയുന്നതാണ് കണക്ക്.
അത് അംഗീകരിക്കണം. അതല്ലെങ്കിൽ പിന്നെ ഭീഷണിയും ഗുണ്ടായിസവുമാകും. കൂടുതൽ പ്രതികരിക്കുന്നവരെ കള്ളനാക്കുന്ന തന്ത്രങ്ങളും ഇത്തരക്കാർ നടത്തും.സംശയങ്ങൾ ചോദിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് പരിഹസിച്ച് നിശബ്ദനാക്കും. നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഇത്തരം പണമിടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.