ജില്ലാതല പാചകമത്സരം; ആർ. സ്മിത പാചകറാണി
1466164
Sunday, November 3, 2024 6:43 AM IST
വടക്കഞ്ചേരി: ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചകമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ അധ്യക്ഷത വഹിച്ചു. ആലത്തൂർ എഇഒ പി. ജയന്തി, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻ ചാർജ് ജേക്കബ് തോമസ് റോഷൻ, പ്രധാനാധ്യാപക പ്രതിനിധി മീരാൻ ഷാ, നോൺ ഫീഡിംഗ് സൂപ്പർവൈസർ വി.പി. പ്രിയ, എസ്. അനുമോൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 11 ഉപജില്ലകളിൽ നിന്നായി 11 മത്സരാർഥികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തത്. പതിനാറോളം പച്ചക്കറി ഉത്പന്നങ്ങൾ കൊണ്ട് സ്പെഷൽ കൂട്ടുകറി തയ്യാറാക്കിയ ആലത്തൂർ ഉപജില്ല കുനിശേരി ജിഎൽപി സ്കൂളിലെ ആർ. സ്മിത ഒന്നാം സ്ഥാനം നേടി പാചക റാണിയായി. ചിറ്റൂർ ഉപജില്ല പാറക്കളം ജിഎംഎൽപി സ്കൂളിലെ ടി. ആർ. അശോക് രണ്ടാം സ്ഥാനവും കൊല്ലങ്കോട് ഉപജില്ല വിത്തനശേരി എസ്എംഎം സ്കൂളിലെ കെ.വിമല മൂന്നാം സ്ഥാനവും നേടി.