മികച്ച ട്രാക്ടർ ഡ്രൈവർമാരെ കിട്ടാനില്ല; കാർഷിക മേഖല പ്രതിസന്ധിയിൽ
1432235
Saturday, June 29, 2024 12:33 AM IST
നെന്മാറ: കഴിവുറ്റ ട്രാക്ടർ ഡ്രൈവർമാരെ കിട്ടാനില്ലെന്നു കർഷകരുടെയും ട്രാക്ടർ ഉടമകളുടെയും പരാതി.
നെൽപ്പാടങ്ങൾ ഉഴുതുമറിക്കാൻ ട്രാക്ടർ ഡ്രൈവർമാരെ കിട്ടാനുണ്ടെങ്കിലും ചേറുനിറഞ്ഞ നെൽപ്പാടം ലെവലർ (ചെളി നിരത്തുന്ന യന്ത്രം) ഉപയോഗിച്ച് നെൽപ്പാടത്തെ ചേറുനികത്തി നടാൻ പരുവത്തിലാക്കാൻ കഴിവുള്ള ഡ്രൈവർമാർ മേഖലയിൽ കുറഞ്ഞുവരുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഉഴുതുമറിച്ചതിനു ശേഷം നെൽപ്പാടത്തിലെ ചേറ് ഒരേനിലയിൽ എല്ലായിടത്തും വെള്ളം പരന്നു നിൽക്കുന്ന രീതിയിൽ ലെവലർ ഉപയോഗിച്ച് പാകപ്പെടുത്തിയില്ലെങ്കിൽ എല്ലായിടത്തും ഒരേ അളവിൽ വെള്ളം കെട്ടി നിൽക്കാതിരിക്കുകയും ചേറ് ഉയർന്നു നിൽക്കുന്ന ഭാഗങ്ങളിൽ കള മുളച്ചു പൊന്തുമെന്നും കർഷകർ പറയുന്നു.
എല്ലായിടത്തും ഒരുപോലെ വെള്ളം കയറ്റി നിർത്താനും തുറന്നു വിടാനും കഴിയാത്ത സ്ഥിതിയുണ്ടായാൽ കൃഷിയെ സാരമായി ബാധിക്കും.
ചേറുള്ള നെൽപ്പാടങ്ങളിൽ ഉഴവ് ജോലിക്ക് ഡ്രൈവർമാർ കുറയുന്നതായും കർഷകർക്കു പരാതിയുണ്ട്.
ബഹുഭൂരിപക്ഷം ട്രാക്ടറുകളിലും പവർ സ്റ്റീയറിംഗ് ഇല്ലാത്തതും ഇരിപ്പിടത്തിന് മറ്റു വാഹനങ്ങളിലെ പോലെ സ്പ്രിംഗുകൾ ഇല്ലാത്തതിനാൽ സുഖകരവുമല്ല, ദേഹത്ത് ചെളി തെറിക്കും എന്നതിനാലുമാണ് നെൽപ്പാടങ്ങളിൽ ഉഴവ് ജോലിയിൽ നിന്നും ട്രാക്ടർ ഡ്രൈവർമാർ പിൻവാങ്ങുന്നത്.
എന്നാൽ വേനൽക്കാലങ്ങളിൽ ഉഴുതുമറിക്കാൻ ഡ്രൈവർമാരെ സുലഭമായി ലഭിക്കാറുണ്ടെന്നു ട്രാക്ടർ ഉടമകൾ പറയുന്നു.