പ്രധാന പാതകൾ കൈയടക്കി കന്നുകാലിക്കൂട്ടം; അപകടങ്ങൾക്കിടയാക്കുമെന്ന് ആശങ്ക
1465604
Friday, November 1, 2024 5:23 AM IST
മുണ്ടക്കയം: എസ്റ്റേറ്റ് മേഖലയിൽ മേയാൻ വിടുന്ന കന്നുകാലിക്കൂട്ടം രാത്രികാലങ്ങളിൽ പാതകൾ കൈയടക്കുന്നതോടെ അപകടങ്ങൾക്കു കാരണമാകുന്നു. ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തഞ്ചാംമൈലിനു സമീപവും തെക്കേമല-പാലൂർക്കാവ് റോഡിലും രാത്രികാലങ്ങളിൽ കന്നുകാലികളുടെ ശല്യം രൂക്ഷമാണ്. നാൽപ്പതിലധികം വരുന്ന കന്നുകാലികൾ റോഡിൽ നിരക്കുന്നതോടെ വാഹനയാത്ര ദുഷ്കരമാകും.
ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ റബർമരങ്ങൾ മുറിച്ചുമാറ്റി പല ഭാഗത്തും കൈതകൃഷി ആരംഭിച്ചു. ഇതിന്റെ സംരക്ഷണത്തിനായി പലഭാഗത്തും മുള്ളുവേലി നിർമിച്ചതോടെയാണ് കാലികൾ കൂട്ടമായി റോഡിലേക്കിറങ്ങുന്നത്. പകൽസമയങ്ങളിൽ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടം രാത്രിയാകുന്നതോടെ റോഡിൽ നിരക്കും. ഇതോടെ വാഹനയാത്രയും തടസപ്പെടും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ പലപ്പോഴും കന്നുകാലിക്കൂട്ടം മാർഗതടസം സൃഷ്ടിക്കുന്നുണ്ട്.
ഹോണടിച്ചാൽ പോലും ഇവ റോഡിൽനിന്നു മാറാൻ തയാറാകില്ല. നാട്ടുകാരും രോഗികൾക്കൊപ്പമുള്ളവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പാതയിൽനിന്നു കന്നുകാലികളെ മാറ്റുന്നത്. മഴയും മഞ്ഞുമുള്ള സമയങ്ങളിൽ രാത്രിയിൽ കാലിക്കൂട്ടം റോഡിൽ നിരക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.
എസ്റ്റേറ്റിലെ തൊഴിലാളികൾ വളർത്തുന്ന കന്നുകാലികളാണ് ഇതിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ രാത്രിയും പകലും ഇവ കൂട്ടിൽ കയറാതെ തോട്ടത്തിലൂടെ മേഞ്ഞുനടക്കും. കറവയുള്ള പശുക്കളെ മാത്രമാണ് ഉടമസ്ഥർ പിടിച്ചുകൊണ്ടു പോകുന്നത്. ബാക്കിയുള്ളവ തോട്ടത്തിന്റെ പല ഭാഗത്തും റോഡിലുമായാണ് രാത്രിയിൽ കഴിയുന്നത്.
പണ്ടുകാലത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുമാടുകളെ പിടിച്ചുകെട്ടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിരുന്നു. സമാനമായ രീതിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാടുകളെ പിടിച്ചുകെട്ടാൻ സൗകര്യം ഒരുക്കിയാൽ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയും.