ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ: മണര്‍കാടിന്റെ ദാസന്
1465638
Friday, November 1, 2024 6:19 AM IST
കോട്ടയം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ജില്ലയ്ക്കു നഷ്ടമായത് നിത്യസാന്നിധ്യത്തെ. നാട്ടിലുള്ളപ്പോഴും ആരോഗ്യം അനുവദിച്ച കാലം വരെയും മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു നട തുറക്കാന്‍ എത്തിയിരുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയാണു ജില്ലയിലെ വിശ്വാസികളുടെ മനസില്‍ നിറയെ.
പ്രതിസന്ധിയിലും പ്രശ്നങ്ങളിലും ഓടിയെത്തിയിരുന്ന കരുതലിന്റെ നല്ല ഇടയന്റെ വേര്‍പാടില്‍ വിതുമ്പുകയാണു സമൂഹം. വിശ്വാസികള്‍ക്കും വിശ്വാസത്തിനുമായി ഏതറ്റം വരെയും പോരാടിയിരുന്ന ശ്രേഷ്ഠ ബാവയെ വിശ്വാസികള്‍ മറക്കുന്നില്ല. 2002 ല്‍ എതിര്‍പക്ഷം മണര്‍കാട് പള്ളി പിടിച്ചെടുക്കാന്‍ എത്തുമെന്ന സൂചനയില്‍ പള്ളിയിലെത്തിയ ബാവ നേരെ പോയത് മദ്ബഹയിലേക്ക്.
അവിടെ ഉപവസിച്ച് പ്രാര്‍ഥന ആരംഭിച്ച ബാവ പ്രതിഷേധം അവസാനിപ്പിച്ചത് പ്രശ്നം പരിഹരിച്ചതിനു ശേഷം പിറ്റേന്നു രാവിലെ. വിശ്വാസ സംരക്ഷണത്തിനായി കടുത്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും അജഗണങ്ങളുടെ അരുമയായിരുന്നു ബാവ.
കഴിഞ്ഞ എട്ടു നോമ്പുകാലത്ത് ഒഴികെ പതിറ്റാണ്ടുകളായി എല്ലാ എട്ടുനോമ്പുകാലത്തും മണർകാട് പള്ളിയിൽ മാതാവിനു മുന്നിലെത്താൻ ബാവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മീനടം സെന്റ് ഇഗ്നാത്തിയോസ്, മീനടം സെന്റ് ജോൺസ് പള്ളികളിലെ പൊതു പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഏറ്റവും ഒടുവിൽ ജില്ലയിലെത്തിയത്.
മോൻസ് ജോസഫ് എംഎൽഎ
കോട്ടയം: യാക്കോബായ സഭയ്ക്ക് രണ്ടു പതിറ്റാണ്ടിലേറെയായി നേതൃത്വം നൽകിയ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ അനുശോചനം രേഖപ്പെടുത്തി. സഭയുടെ വളർച്ചയ്ക്ക് വേണ്ടി ചെയ്ത നിസ്തുലമായ സംഭാവനകളെ പൊതുസമൂഹവും വിശ്വാസിഗണവും എന്നും ആദരവോടെ സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു
കാഞ്ഞിരപ്പള്ളി: പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ഏൽപ്പിക്കപ്പെട്ടിരുന്ന ജനത്തെ വിശ്വാസബോധ്യത്തിനനുസരിച്ച് നയിക്കുന്നതിൽ ജാഗ്രതയുള്ള ഇടയശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സഭാധ്യക്ഷന്റെ വേര്‍പാടില്‍ വേദനിക്കുന്ന യാക്കോബായ സഭയിലെ വിശ്വാസികളോടും ബന്ധുമിത്രാദികളോടും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ഥന വാഗ്ദാനം ചെയ്യുകയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കലും അറിയിച്ചു.