"എന്റെ വഴി=നല്ല വഴി, നമ്മുടെ വഴി': റോഡുകളുടെ ശുചീകരണത്തിന് സാബു തോമസിന്റെ സമവാക്യം
1465615
Friday, November 1, 2024 5:44 AM IST
ഏറ്റുമാനൂർ: നാലുകിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡരികിലെ കാടും മാലിന്യങ്ങളും നീക്കം ചെയ്ത് സംരക്ഷിക്കുന്ന സാബു തോമസ് ev=(nv)2 (എന്റെ വഴി = നല്ല വഴി, നമ്മുടെ വഴി) എന്ന സമവാക്യം രൂപപ്പെടുത്തി തന്റെ ദൗത്യത്തെ സമൂഹത്തിനു പരിചയപ്പെടുത്തുന്നു.
ഓരോരുത്തരും അവരവരുടെ വീടിനു മുന്നിലെ റോഡ് വൃത്തിയാക്കിയാൽ കേരളത്തിലെ റോഡുകളെല്ലാം മനോഹരമാക്കാമെന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായ വെട്ടിമുകൾ കുരിശുമല ഊന്നുകല്ലേൽ സാബു തോമസ് പറയുന്നു. എന്റെ വഴി വൃത്തിയാക്കുന്നതിലൂടെ നല്ല വഴിയും നമ്മുടെ വഴിയും സൃഷ്ടിക്കാമെന്നതാണ് അദ്ദേഹം പങ്കുവയ്ക്കുന്ന ആശയം.
നാലു വർഷം മുമ്പ് വീടിനോടു ചേർന്നുള്ള ടാർ ചെയ്യാത്ത റോഡ് വൃത്തിയാക്കിയാണ് സാബുവിന്റെ തുടക്കം. മഴയിൽ ഒലിച്ചുപോകുന്ന റോഡിലെ കുഴികൾ നികത്തുകയും ഓടയിലെ മണ്ണും റോഡരികിൽ തള്ളുന്ന മാലിന്യങ്ങളും നീക്കുകയും ചെയ്യുമായിരുന്നു. റോഡ് ടാർ ചെയ്തതോടെ റോഡരികിലെ പുല്ലും കാടും വെട്ടിയൊതുക്കിയും കരിയിലയും മാലിന്യങ്ങളും നീക്കം ചെയ്തും ദൗത്യം തുടർന്നു. ഇപ്പോൾ നാലു കിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡ് വൃത്തിയാക്കുന്നു. റോഡിൽ നിന്ന് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറും.
പുല്ലുവെട്ടലും കരിയില നീക്കം ചെയ്യലും സ്വന്തം പണം മുടക്കി വാങ്ങിയ യന്ത്രങ്ങളുടെ സഹായത്താലാണ്. മാലിന്യനീക്കത്തിന് ഉന്തുവണ്ടിയുമുണ്ട്. കൃത്യമായ ഇടവേളകളിൽ പുല്ല് വെട്ടും. എല്ലാ ദിവസവും ശുചീകരണം നടത്തും. ജോലി കഴിഞ്ഞെത്തിയാലുടൻ ശുചീകരണത്തിന് ഇറങ്ങും.
കോതനല്ലൂർ ഇമ്മാനുവൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഭാര്യ ഹർഷയും മക്കളായ നോറ (14), ലൊറെയ്ൻ (11), ഫ്രയ (8) എന്നിവരും സഹായത്തിനുണ്ടാകും.
സാബുവിന്റെ മാതൃകാപരമായ പ്രവൃത്തിയെപ്പറ്റി കേട്ടറിഞ്ഞ മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞദിവസം നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.