പനയ്ക്കപ്പാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടികൾ
1465383
Thursday, October 31, 2024 6:00 AM IST
പനയ്ക്കപ്പാലം: പനയ്ക്കപ്പാലത്ത് വാഹനാപകടങ്ങൾ പതിവാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് പൊതുമരാമത്ത്, പോലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവ സംയുക്തമായി പരിഹാരനടപടികൾ ആരംഭിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ഡിവൈഡറും റമ്പിൾ ട്രിപ്പുകളും 200 മീറ്റർ ദൂരത്തിൽ മഞ്ഞ വരകളും അപായ സൂചനാബോർഡുകളും സ്ഥാപിച്ചു.
മീനിച്ചിൽ താലൂക്ക് വികസനസമിതി യോഗങ്ങളിൽ വികസനസമിതിയംഗങ്ങളായ പീറ്റർ പന്തലാനി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ ജോസഫ് എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് മാണി സി. കാപ്പൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നടപടി വേഗത്തിലാക്കാൻ നിർദേശം നൽകിയത്.
റോഡരികിലെ കാഴ്ച മറയ്ക്കുന്ന പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നതിന് തലപ്പലം പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി പൊതുമരാമത്തുവകുപ്പ് അധികാരികളെ ചുമതലപ്പെടുത്തി. പ്ലാശനാൽ റോഡിന്റെ നൂറു മീറ്റർ ഭാഗവും പാലത്തിനോട് ചേർന്നുള്ള താഴ്ന്ന ഭാഗവും മണ്ണിട്ട് ഉയർത്തി വാഹനങ്ങൾ പരസ്പരം കാണത്തക്കവിധം റോഡ് പണിയുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനും ജംഗ്ഷനിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കുന്നതിനും പോലീസ് നിരീക്ഷണ കാമറ സ്ഥാപിക്കുകയും രാവിലെ 8.30 മുതൽ 11.00 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയും ട്രാഫിക് പോലീസിനെ നിയമിക്കുന്നതിനും തീരുമാനിച്ചു.
പാലത്തിനോട് ചേർന്ന് താമസമാക്കിയ കുടുംബത്തെ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുന്നതിനും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മാറ്റുന്നതിനും പ്ലാശനാൽ റോഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റുന്നതിന് തൊഴിലാളി യൂണിയനുമായി ചർച്ച നടത്തുന്നതിനും തീരുമാനമായി.