മെഡിക്കൽ കോളജ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
1465273
Thursday, October 31, 2024 1:45 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മാലിന്യ സംസ്കരണ പ്ലാന്റിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
അയ്മനം പെരുമന കോളനിയിലെ ലക്ഷ്മി നിവാസിൽ സുബ്രഹ്മണ്യൻ (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർഡിയോളജി വിഭാഗത്തിനും ഗൈനക്കോളജി വിഭാഗത്തിനും ഇടയിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപമുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. പ്ലംബർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി സഹായിയോടൊപ്പമാണ് ഇയാൾ ഇവിടെ എത്തിയത്. പണി കഴിഞ്ഞ ശേഷം പണി ആയുധങ്ങൾ വണ്ടിയിൽ എടുത്തു വയ്ക്കുവാൻ സഹായി പോയ സമയത്താണ് സംഭവം.
ഏറെ സമയം കഴിഞ്ഞിട്ടും സുബ്രഹ്മണ്യനെ കാണാതെ വന്നതിനെ തുടർന്ന് സഹായി സ്ഥലത്തു ചെന്ന് നോക്കുമ്പോൾ ഇയാൾ വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തുടർന്നു മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി അയ്മനത്താണ് താമസം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ: സബീന, മക്കൾ സുബിൻ, സുധൻ.