പുഞ്ചകൃഷി: തയാറെടുപ്പു തുടങ്ങി
1465639
Friday, November 1, 2024 6:19 AM IST
കോട്ടയം: നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമായ അപ്പര്‍കുട്ടനാട് മേഖല ഉള്‍പ്പെടുന്ന ജില്ലയില്‍ പുഞ്ച നെല്‍കൃഷിക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മലരിക്കല്‍, തിരുവായ്ക്കരി, പാറേച്ചാല്‍, ചങ്ങനാശേരി, കുമരകം, കൈപ്പുഴ ഭാഗങ്ങളിലെ പുഞ്ചപ്പാടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കൃഷിയിറക്കുന്നത്.
വിവിധ പാടശേഖരങ്ങളിലായി പമ്പിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം പലയിടത്തും വിത്തുകള്‍ വിതച്ചു തുടങ്ങിയിട്ടുമുണ്ട്. നവംബര്‍ പകുതിയോടുകൂടി വിതയും ഞാറുനടീലും കഴിയും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കുന്ന രീതിയിലാണ് കൃഷി. 12,000 ഹെക്ടറിലാണ് ഇക്കുറി കൃഷി നടത്തുക. ഉമ നെല്‍വിത്താണ് കൂടുതലായും വിതയ്ക്കുന്നത്.
മനുരത്ന, ജ്യോതി തുടങ്ങിയവയും ചില പ്രദേശങ്ങളിലെ പാടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. രക്തശാലി പോലുള്ള നാടന്‍ നെല്‍വിത്തുകളും ചില കര്‍ഷകര്‍ പ്രത്യേകമായി വിതയ്ക്കാറുണ്ട്.
പുഞ്ചകൃഷിക്കാവശ്യമുള്ള വിത്തുകളുടെ വിതരണം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉമ പോലുള്ള ഉയര്‍ന്ന പ്രതിരോധ ശേഷിയും മികച്ച വിളവും നല്കുന്ന വിത്തിനങ്ങള്‍ 120 മുതല്‍ 130 ദിവസങ്ങള്‍ക്കുള്ളില്‍ കൊയ്ത്തിന് പാകമാകും.
ഒരേക്കറിന് 40 കിലോയ്ക്കടുത്ത് വിത്താണ് വിതയ്ക്കാനാവശ്യമായി വരുന്നത്. ജില്ലയിലെ മുഴുവന്‍ പാടശേഖരങ്ങളിലേക്കും ആവശ്യമായ വിത്തുകള്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ 12,000 ഹെക്ടറില്‍ നടത്തിയ പുഞ്ചകൃഷിയിൽ മികച്ച വിളവുതന്നെ ലഭിച്ചിരുന്നു. ഇക്കുറിയും മികച്ച വിളവ് ഉണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.