ഏറ്റുമാനൂര്‍ - വൈക്കം റോഡിലെ പുളിന്തറവളവില് തുടര്‍നടപടികള്‍ വൈകുന്നു
1465439
Thursday, October 31, 2024 7:38 AM IST
കടുത്തുരുത്തി: അപകടങ്ങള്‍ തുടര്‍ക്കഥയായ ഏറ്റുമാനൂര്‍-വൈക്കം റോഡിലെ പുളിന്തറ വളവില്‍ റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മടങ്ങിയെങ്കിലും തുടര്‍നടപടികള്‍ വൈകുന്നു. പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പരാതിക്കാരും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത പരിശോധനയാണ് രണ്ടുമാസം മുമ്പ് നടന്നത്.
പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കില്‍ വളവ് നിവര്‍ത്തുക മാത്രമാണ് പോംവഴിയെന്നും ഇതിനായി സമയമെടുക്കുമെന്നതിനാല്‍ താത്കാലിക മാര്‍ഗങ്ങള്‍ സംബന്ധിച്ചു ജില്ലാ കളക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് പരിശോധക സംഘത്തിലെ റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റി ഡയറക്ടര്‍ നിജു അറിയിച്ചിരുന്നു.
പരിശോധനയില്‍ പുളിന്തറ വളവില്‍ അപകടഭീഷണിയുള്ളതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. റോഡിന്റെ വളവുള്ള ഭാഗം സുരക്ഷിതമല്ലെന്നും എത്രയും വേഗം വളവ് നിവര്ത്തേണ്ടതാണെന്നും സംഘം വിലയിരുത്തി. റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടസാധ്യത കുറയ്ക്കാൻ താത്കാലിക നടപടികള്‍ക്കുള്ള ഫണ്ട് അടിയന്തരമായി അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.
വളവ് നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പിന് ഫണ്ടില്ലെങ്കില്‍ ഇക്കാര്യത്തിനായി റോഡ് ആന്‍ഡ് സേഫ്റ്റി അഥോറിറ്റിക്കു ശിപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.