ഏറ്റുമാനൂർ ജലപദ്ധതി: നവംബറിൽ നിർമാണം തുടങ്ങും
1465429
Thursday, October 31, 2024 7:22 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിന് ജലസമൃദ്ധി നൽകുന്ന ഏറ്റുമാനൂർ ജലപദ്ധതിയുടെ നിർമാണം നവംബറിൽ ആരംഭിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറ്റുമാനൂർ നഗരസഭയിലെയും അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ പഞ്ചായത്തുകളിൽപ്പെട്ട സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകും.
പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ ജലപദ്ധതി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ നിന്ന് 93.225 കോടി രൂപ ലഭ്യമാക്കിയാണ് ജലപദ്ധതി യാഥാർഥ്യമാക്കുന്നത്.
പദ്ധതിക്കായി നേതാജി നഗറിൽ 22 എംഎൽഡി സംഭരണ ശേഷിയുള്ള ജലശുദ്ധീകരണശാലയും 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയും കച്ചേരിക്കുന്നിൽ 10 ലക്ഷം ലിറ്ററും കട്ടച്ചിറയിൽ 50,000 ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളും നിർമിക്കും.
പൂവത്തുംമൂട് പമ്പ്ഹൗസിനു സമീപം പുതിയ ട്രാൻസ്ഫോർമറും പമ്പ് സെറ്റും സ്ഥാപിക്കും. ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിൽ വിതരണ ലൈനുകൾ സ്ഥാപിച്ച് ഗാർഹിക കണക്ഷൻ നൽകി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും.
35 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചശേഷം സ്തംഭിച്ച പദ്ധതിക്ക് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താത്പര്യത്തിലാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. ഏറ്റുമാനൂർ ജലപദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഏറ്റുമാനൂർ നഗരസഭയിലും അതിരമ്പുഴ പഞ്ചായത്തിന്റെ സമീപ വാർഡുകളിലും കുടിവെള്ളം ലഭിക്കും.
കോട്ടയം എംഎൽഎ ആയിരുന്നപ്പോൾ താൻ താത്പര്യമെടുത്ത് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ ജലക്ഷാമത്തിനു പരിഹാരം കണ്ടിരുന്നു. ഭാവിയിൽ ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലേക്ക് ഏറ്റുമാനൂർ ജലപദ്ധതി പദ്ധതി വിപുലീകരിക്കും. ഇതോടെ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.