കാഞ്ഞിരപ്പള്ളി ടൗണിൽ സീബ്രാലൈനുകള്‍ മാഞ്ഞുതുടങ്ങി
1465621
Friday, November 1, 2024 5:51 AM IST
കാഞ്ഞിരപ്പള്ളി: കാല്‍നടയാത്രക്കാര്‍ക്കു സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ലക്ഷ്യമിട്ടു കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ ഇടങ്ങളിലായി വരച്ചിട്ടുള്ള സീബ്രാലൈനുകള്‍ മാഞ്ഞുതുടങ്ങി. ഇതോടെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കൈയിൽപ്പിടിച്ച്.
ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള രണ്ട് സീബ്രാലൈനുകളും പേട്ടക്കവലയിലും കുരിശുങ്കൽ ജംഗ്ഷനിലുമുള്ള സീബ്രാലൈനുകളുമാണ് മാഞ്ഞുപോയിരിക്കുന്നത്.
സീബ്രാലൈനുകള്‍ ഇല്ലാതായതോടെ റോഡ് കുറുകെ കടക്കാന്‍ റോഡിലേക്കു പ്രവേശിക്കുന്നവര്‍ അമിത വേഗത്തില്‍ പാഞ്ഞെത്തുന്ന വാഹനങ്ങളെ ഭയന്ന് ഓടേണ്ട ഗതികേടിലാണ്. ഏറെ തിരക്കുള്ള കാഞ്ഞിരപ്പള്ളി ടൗണിലൂടെ മിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് കടന്നുപോകുന്നത്. ബസ് സ്റ്റാൻഡിന് മുൻവശത്തു പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് വാഹനങ്ങളുടെ മരണപ്പാച്ചില്‍.
ചില സമയങ്ങളിൽ ഏറെ നേരം കാത്തുനിന്നാൽ മാത്രമാണ് കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാനാകുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളുമാണ് വലിയ ദുരിതം അനുഭവിക്കുന്നത്. സ്ത്രീകളും വിദ്യാർഥികളും റോഡ് മുറിച്ചുകടക്കുമ്പോൾ വേഗത്തിൽ വാഹനമോടിച്ചു വരുന്ന ഡ്രൈവർമാർ ഹോണടിച്ച് ഇവരെ ഭയപ്പെടുത്താറുണ്ടെന്നു വ്യാപാരികൾ പറയുന്നു. മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കണമെന്നും കാൽനടയാത്രക്കാർക്കു സുരക്ഷിതയാത്ര ഒരുക്കണമെന്നുമുള്ള ആവശ്യം ശക്തമായി.