കാഞ്ഞിരപ്പള്ളി-തമ്പലക്കാട്-മഞ്ചക്കുഴി റോഡില്‍ യാത്ര ദുഷ്കരം
1465603
Friday, November 1, 2024 5:23 AM IST
കാഞ്ഞിരപ്പള്ളി: ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതോടെ കാഞ്ഞിരപ്പള്ളി-തമ്പലക്കാട്-മഞ്ചക്കുഴി റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. കാഞ്ഞിരപ്പള്ളി മുതല്‍ മഞ്ചക്കുഴിവരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്താണ് വിവിധയിടങ്ങളിലായി കുഴി രൂപപ്പെട്ടിരിക്കുന്നത്.
ചെറിയ കുഴികളിലെ ടാറിംഗ് ഇളകി വലുതാകുന്ന നിലയിലാണ്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ പാലാ-പൊന്‍കുന്നം റോഡില്‍ നിന്ന് എളുപ്പമാര്‍ഗം കാഞ്ഞിരപ്പള്ളി ടൗണിലെത്താന്‍ തീർഥാടകരും ഉപയോഗിക്കുന്ന റോഡാണിത്.
ഇരുവശങ്ങളിലും കാട് കയറിക്കിടക്കുന്ന റോഡില്‍ രാത്രികാല യാത്രക്കാര്‍ക്ക് വെളിച്ചവുമില്ല. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ ചാടി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വെളിച്ചമില്ലാത്തതിനാല്‍ റോഡരികിലും സ്വകാര്യ തോട്ടങ്ങളിലേക്കും മാലിന്യം തള്ളുന്നതും പതിവാണ്. അറവുശാലകളിലെ മാലിന്യങ്ങളടക്കം തള്ളുന്നതിനാല്‍ ദുര്‍ഗന്ധവുമുള്ള സ്ഥിതിയാണ്. സ്വകാര്യ ബസുകളും സ്കൂള്‍ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്ന റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ഏറെ ദുരിതമായിരിക്കുകയാണ്.