സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ പഞ്ചായത്തുകൾ
1465601
Friday, November 1, 2024 5:23 AM IST
കാഞ്ഞിരപ്പള്ളി: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പേർക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി കാഞ്ഞിരപ്പള്ളിയെ പ്രഖ്യാപിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. സർക്കാർ സേവനം എളുപ്പത്തില്‍ ഉപയോഗിക്കാൻ വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ജനങ്ങൾക്ക് പരിശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്. 14 മുതല്‍ 65 വയസുവരെയുള്ളവരാണ് പരിശീലനം നേടിയത്.
പഞ്ചായത്തംഗം മഞ്ജു മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. രഞ്ജിത്ത് വിശദീകരണം നടത്തി. ജനപ്രതിനിധികളായ ബിജു പത്യാല, സിന്ധു സോമൻ, ശ്യാമള ഗംഗാധരൻ, അമ്പിളി ഉണ്ണിക്കൃഷ്ണൻ, ജെസി മലയിൽ, സിഡിഎസ് അംഗം ഷൈല സോമൻ, സിനു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൂട്ടിക്കല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഡിജി കേരളം പദ്ധതിയോടനുബന്ധിച്ച് കൂട്ടിക്കല്‍ പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.
പതിമൂന്ന് വാര്‍ഡുകളിലായി 900ഓളം പേരെ സര്‍വേയിലൂടെ കണ്ടെത്തി ഡിജിറ്റല്‍ പരിശീലനം നല്‍കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളായി. 15നും 60 വയസിനും മധ്യേ പ്രായമുള്ള മുഴുവന്‍ പേരെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് രജനി സുധീർ അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ പി.എസ്. സജിമോന്‍, ജേക്കബ് ചാക്കോ, കെ.എന്‍. വിനോദ്, ജെസി ജോസ്, കെ.എസ്. മോഹനന്, ആന്‍സി അഗസ്റ്റിന്, എം.വി. ഹരിഹരന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആശാ ബിജു എന്നിവർ പ്രസംഗിച്ചു.