പൊല്ലാപ്പായി പെരുന്പാന്പ്...
1465123
Wednesday, October 30, 2024 7:12 AM IST
കടുത്തുരുത്തി: പട്രോളിംഗിനിടെ പോലീസുകാര്‍ പെരുന്പാന്പിനെ കണ്ടെങ്കിലും പൊല്ലാപ്പാകുമെന്ന് കരുതി കാണാത്ത മട്ടില്‍ പോയത് ശരിക്കും പൊല്ലാപ്പായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ കടുത്തുരുത്തി-തോട്ടുവാ റോഡില്‍ പോലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്തില്‍ കണ്ട പെരുമ്പാമ്പാണ് പോലീസിനെ ഉൾപ്പെടെ മണിക്കൂറുകള്‍ പെരുവഴിയിലാക്കിയത്. രാത്രിയോടെ ഇതുവഴി കടന്നുപോയ പോലീസുകാര്‍ വഴിയരികില്‍ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടിരുന്നു.
എന്നാല്‍ പാമ്പിനെ പിടിക്കാന്‍ പോയാല്‍ സമയം പോകുമല്ലോയെന്നോര്ത്താവാം നിയമപാലകര്‍ കാണാത്ത മട്ടില്‍ കടന്നു പോയത്. രാത്രി 7.30 ഓടെ ഇതുവഴിയെത്തിയ സമീപവാസിയാണ് പാമ്പിനെ പിന്നീട് കാണുന്നത്.
വഴിയുടെ ഒരുവശത്തെ പള്ളയ്ക്കകത്തായി നീളത്തില്‍ കിടന്ന പാമ്പിനെ കണ്ട ഇദ്ദേഹം വിറകാണെന്ന് കരുതി എടുക്കാന്‍ കുനിഞ്ഞതാണ്. അനക്കം കണ്ട് മൊബൈലിന്റെ ടോര്‍ച്ച് അടിച്ചു നോക്കിയതിനാല്‍ ഇദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭയന്നുപോയ ഇദ്ദേഹമാണ് തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചത്.
പാമ്പിനെ കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് കൂട്ടാമായെത്തിയതോടെ പോലീസുകാര്‍ക്ക് ശരിക്കും പണി മെനക്കേടായി. തുടര്‍ന്ന് 9.30 ഓടെ കുറുപ്പന്തറയില്‍ നിന്നുമെത്തിയ ആള് പാമ്പിനെ പിടികൂടി ചാക്കിലാക്കിയതിന് ശേഷമാണ് പാമ്പിനെ കാണാനെത്തിയ ജനക്കൂട്ടം പിരിഞ്ഞുപോയത് ഈ സമയമത്രയും പോലീസുകാര്‍ക്കും ഇവിടെ നില്‍ക്കേണ്ടി വന്നു.
ആദ്യം കണ്ടപ്പോഴെ പാമ്പിനെ പിടികൂടിയിരുന്നെങ്കില്‍ ഇത്രയും മെനക്കേടുണ്ടാവാല്ലെന്ന് പോലീസുകാര്‍ പിന്നീട് ഓര്‍ത്തിട്ടുണ്ടാവും. സമീപത്ത് കാട് മൂടി കിടക്കുന്ന പാടത്തുനിന്നാണ് പാമ്പ് ഇവിടേക്ക് എത്തിയത്. ഈ പാടം പെരുമ്പാമ്പുകളുടെ ആവാസകേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.