അ​പ​ക​ട ഭീ​ഷ​ണയായി ദേ​ശീ​യപാ​തയിൽ കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍
Wednesday, June 26, 2024 11:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ല്‍​ക്കു​ന്ന​ത് നി​ര​വ​ധി കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍. കൊ​ല്ലം - ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്‍​കു​ന്നം മു​ത​ല്‍ മു​ണ്ട​ക്ക​യംവ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ട​ക​ര​മാ​യി മ​ര​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ പ​ല​തി​നും വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ശി​ഖി​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ചു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ വ​ലി​യ കാ​റ്റ് വീ​ശി​യാ​ല്‍ റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ചൊ​വ്വാ​ഴ്ച സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​നു സ​മീ​പം പൊ​ടി​മ​റ്റ​ത്ത് കൂ​റ്റ​ന്‍ മ​രം റോ​ഡി​ന് കു​റു​കെ ക​ട​പു​ഴ​കി വീ​ണി​രു​ന്നു. റോ​ഡി​ല്‍ വാ​ഹ​ന​വും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ന്നുത​ന്നെ പാ​റ​ത്തോ​ട് ടൗ​ണി​ലും മ​രം റോ​ഡി​ലേ​ക്ക് വീ​ണി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​ന്പ് പൊ​ടി​മ​റ്റ​ത്ത് സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​നു മു​ന്പി​ല്‍ നി​ന്നി​രു​ന്ന മ​രം കാ​റ്റ​ത്ത് ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തുത​ന്നെ പോ​ലീ​സ് ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ സം​ഭ​വു​മു​ണ്ടാ​യി.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഭാ​ഗം, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും മു​ന്പ് മ​രം റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും മു​റി​ച്ച് നീ​ക്കി​യെ​ങ്കി​ലും അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ര​വ​ധി മ​ര​ങ്ങ​ള്‍ പാ​ത​യോ​ര​ത്ത് ഇ​നി​യും നി​ല്‍​പു​ണ്ട്. മു​ന്പും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ ശേ​ഷ​മാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യ​ത്.