ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം ഉടൻ പുനർനിർമിക്കും
1479413
Saturday, November 16, 2024 5:13 AM IST
ഹരിപ്പാട്: കേരളത്തിന്റെ പൈതൃക സ്മാരകമായി നിലകൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായ കൂത്തമ്പലം അടിയന്തരമായി പുനർനിർമിക്കുമെന്ന് ദേവസ്വം ബോർഡംഗം എ. അജികുമാർ അറിയിച്ചു.
ക്ഷേത്രവും ചോർന്നൊലിച്ച് തകർച്ചയിലായ കൂത്തമ്പലവും അജികുമാർ സന്ദർശിച്ചു. ദേവസ്വം ബോർഡും ആറന്മുള വാസ്തുശില്പ കലാകേന്ദ്രവും ചേർന്ന് അടിയന്തരമായി പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എഡി 1769 ൽ സ്ഥാപിച്ച കൂത്തമ്പലത്തിന്റെ കലാഭംഗിയുള്ള ഉത്തരങ്ങളും മച്ചിലെ രാമായണ ശില്പങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ട് വർഷങ്ങളായി. കീഴ് തൃക്കോവിൽതിടപ്പള്ളിയുടെയും പെരുംകുളത്തിന്റെയും കുളപ്പുരകളുടെയും നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായി ദേവസ്വം ബോർഡംഗങ്ങളുടെയും ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ 20ന് തിരുവനന്തപുരത്ത് യോഗം ചേരും. ഭക്തർക്ക് സുഗമമായി പണം അടയ്ക്കുന്നതിനുവേണ്ടി ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ സ്ഥാപിച്ച ക്യൂ ആർ കോഡ് സംവിധാനം എ. അജികുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി. ശിവപ്രസാദ്, സെക്രട്ടറി പിയൂഷ് ജി. കലവറ എന്നിവരുടെ നേതൃത്വത്തിൽ അജികുമാറിനെ സ്വീകരിച്ചു. ആർ. മുരളീധരൻ നായർ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.