പള്ളിപ്പുറം-വയലാർ പാലം നിർമാണം ഇഴയുന്നു; ജങ്കാർ സർവീസ് ഉടൻ വേണമെന്നാവശ്യം
1479407
Saturday, November 16, 2024 5:03 AM IST
പൂച്ചാക്കൽ: മണ്ണു പരിശോധന കഴിഞ്ഞിട്ട് അഞ്ചുവർഷമായിട്ടും പള്ളിപ്പുറം ഇൻഫോപാർക്ക്- വയലാർ പാലം നിർമാണത്തിന് നടപടിയായില്ല. ജങ്കാർ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമായി. പള്ളിപ്പുറം ഇൻഫോപാർക്കിന് പടിഞ്ഞാറ് തിരുനല്ലൂർ കടവിൽനിന്ന് ആരംഭിച്ച് വയലാർ നാഗംകുളങ്ങര കടവിൽ എത്തിച്ചേരുന്ന രീതിയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിർമാണം കിഫ്ബിയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ ചെയ്യുന്നതിന് നൂറുകോടി രൂപ സംസ്ഥാന ബജറ്റിൽ അഞ്ചുവർഷം മുൻപ് അനുവദിച്ചതാണ്. മണ്ണു പരിശോധന, സ്ഥലം ഏറ്റെടുക്കൽ ചർച്ച, അതിർത്തി നിർണയം തുടങ്ങിയ പ്രാഥമിക നടപടികൾ നടന്നതാണ്.
എന്നാൽ, നിലവിൽ സംസ്ഥാനത്ത് കിഫ്ബി നടത്തുന്ന മുൻഗണനാ പദ്ധതി പട്ടികയിൽ ഇൻഫോപാർക്ക് -വയലാർ പാലമില്ല. താത്കാലികമായി നീട്ടിവച്ചിരിക്കുകയോ, മരവിപ്പിച്ചിരിക്കുകയോ ആണെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി
സർക്കാരിൻന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പാലം നിർമാണത്തിനുള്ള നടപടി വൈകാൻ കാരണമെന്നറിയുന്നു. തിരുനല്ലൂർ ഭാഗത്ത് 137 സെന്റ് സ്ഥലവും നാഗംകുളങ്ങരയിൽ 186 സെന്റ് സ്ഥലവുമാണ് പാലം നിർമാണ ആവശ്യത്തിന് ഏറ്റെടുക്കേണ്ടത്. 650 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമുള്ള പാലമാണ് പദ്ധതിയിലുള്ളത്.
പാലം നിർമാണം തുടങ്ങുന്നത് വൈകുമെന്നതിനാൽ ഫെറിയിൽ ജങ്കാറോ, ചങ്ങാടമോ സർവീസ് നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. വയലാർ - പള്ളിപ്പുറം പഞ്ചായത്തുകൾ ചേർന്നാണ് തീരുമാനം എടുക്കേണ്ടത്. നിലവിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടത്തുവള്ളമാണുള്ളത്.
എളുപ്പമാർഗം
ദേശീയപാത വയലാർ, ചേർത്തല ഭാഗങ്ങളിൽനിന്നു പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വൈക്കം ഭാഗത്തേക്കും പോകാൻ എളുപ്പമാർഗമാണ് പള്ളിപ്പുറം -വയലാർ പാലം. പള്ളിപ്പുറം ഇൻഫോപാർക്ക്, മലബാർ സിമന്റ് ഫാക്ടറി, കേന്ദ്ര ഊർജപരിശീലന കേന്ദ്രം, മെഗാ ഫുഡ് പാർക്ക്, വ്യവസായ വികസന കേന്ദ്രം തുടങ്ങിയവ പള്ളിപ്പുറത്ത് പ്രവർത്തിക്കുന്നുണ്ട്.
നേരത്തെ ചങ്ങാട സർവീസ് ഉണ്ടായിരുന്നതാണ്. അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ ഏറെ വാഹനങ്ങൾ അരൂക്കുറ്റി -ചേർത്തല റോഡിലൂടെ കടന്നുപോകുന്നുണ്ട്.
ഇത്തരം വാഹനങ്ങൾക്കും ഫെറിക്ക് സമീപം നിർമാണം പൂർത്തിയാകുന്ന പള്ളിപ്പുറം - വിളക്കുമരം പാലം പൂർത്തിയായി വാഹന സർവീസ് തുടങ്ങുമ്പോഴും ജങ്കാർ സർവീസ് ഉപകാരമാകുമെന്ന് യാത്രക്കാർ പറഞ്ഞു.