കായംകുളം താലൂക്ക് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച ഐസിയു വാർഡ് എന്നു തുറക്കും?
1479409
Saturday, November 16, 2024 5:03 AM IST
കായംകുളം: കോടികൾ മുടക്കി കായംകുളം താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഐസിയു വാർഡ് ഒന്നരവർഷമായിട്ടും തുറന്ന് പ്രവർത്തനം ആരംഭിക്കാത്തതിനെതിരേ പ്രതിഷേധം ഉയരുന്നു. കേന്ദ്രസർക്കാരിൽനിന്നുള്ള കോവിഡ് ഫണ്ടിൽനിന്ന് ഒരുകോടി രൂപ മുടക്കിയാണ് ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.
ഒന്നരവർഷമായിട്ടും ഐസിയു ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയില്ല. പുതിയ ഐസിയു വാർഡിൽ ഒരേസമയം അഞ്ചു രോഗികൾക്ക് ചികിത്സ നൽകാവുന്ന വിധത്തിൽ കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്. ഐസിയു ബ്ലോക്കിൽ അഞ്ചു കിടക്കകളിൽ ഒരെണ്ണം കുട്ടികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു.
നിലവിൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിൽ ചികിത്സതേടിയെത്തുന്ന രോഗികളെ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും അയക്കുകയാണ് പതിവ്. നാഷണൽ ഹെൽത്ത് മിഷൻ എൻഎച്ച്എമ്മിനായിരുന്നു ഐസിയുവിന്റെ നിർമാണച്ചുമതല.
നിർമാണം പൂർത്തീകരിച്ച് കെട്ടിടം എൻഎച്ച്എം താലൂക്ക് ആശുപത്രിക്കു കൈമാറുകയും ചെയ്തു. ഐസിയു കെട്ടിടം 32 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമിച്ചത്. ബാക്കി തുക ഉപകരണങ്ങളും കിടക്കകൾ സജ്ജമാക്കുന്നതിനുമാണ് വിനിയോഗിച്ചത്.
ഐസിയു ബ്ലോക്കിൽ അത്യാധുനികരീതിയിലുള്ള എല്ലാ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിതവിഭാഗം ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ പ്രസവവാർഡിനോടു ചേർന്നാണ് ഐസിയു ബ്ലോക്ക്.
ആദ്യം വൈദ്യുതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികപ്രശ്നം മൂലമാണ് ഐസി യു തുറക്കാൻ വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്. ഇതു പരിഹരിക്കാൻ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ട് മാസങ്ങളായി.
ദേശീയപാതയോടു ചേർന്നാണ് കായംകുളം താലൂക്ക് ആശുപത്രി. സമീപ പ്രദേശങ്ങളിൽനിന്ന് അപകടങ്ങളിൽപ്പെടുന്നവരെയും മറ്റും ചികിത്സയ്ക്കായി എത്തിക്കുന്നത് കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണ്. ഐസിയു സംവിധാനം സജ്ജമാക്കിയാൽ സാധാരണക്കാർക്ക് ഇത് ഏറെ സഹായകമാകും.