ഓടയില്‍ വീണു പരിക്കേറ്റു
1479196
Friday, November 15, 2024 4:56 AM IST
ആലപ്പുഴ: നിര്‍മാണത്തിലിരിക്കുന്ന ഓടയില്‍ വീണ് നഗരത്തില്‍ വീണ്ടും അപകടം. ഇന്നലെ രാവിലെ ഒന്‍പതരയോടെ മുല്ലയ്ക്കല് സിഎംഎസ് എല്‍പി സ്കൂളിനു മുന്നിലെ ഓടയിലേക്കാണ് കുട്ടിയെ സ്‍കൂളിലാക്കാനെത്തിയ പിതാവ് വീണത്. പ്രൊവിഡന്‍സ് ആശുപത്രിക്കു സമീപം താമസിക്കുന്ന അംബികയില്‍ ജ്യോതികുമാറിനാണ് (54) പരിക്കേറ്റത്.
സ്കൂളിനു മുന്നില്‍ ബൈക്ക് നിര്‍ത്തി മകനെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഓടയിലേക്ക് ചെരിയുകയായിരുന്നു. വാഹനത്തിരക്കും ഇടുങ്ങിയ റോഡുമുള്ള ഇവിടെ എതിര് ദിശയില്‍നിന്നു വാഹനം വേഗത്തിലെത്തിയപ്പോള്‍ ബൈക്ക് വശത്തേക്ക് ഒതുക്കി. ഇതിനിടെ മകന് ബൈക്കില്‍നിന്നും ഓടയിലേക്കു വീഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരെത്തി ഇവരെ രക്ഷപ്പെടുത്തി. വിരലിനു പൊട്ടലും കാലിനു നീരും ഉണ്ടായതിനെത്തുടര്‍ന്ന് ജ്യോതികുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
രണ്ടാഴ്ചയായി ഇവിടെ കുഴിയെടുത്ത് ഓട നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
സ്കൂളിലേക്ക് കയറുന്നതിനായി ഓടയ്ക്കു കുറുകെ ഇരുമ്പുഷീറ്റ് നിരത്തിയിട്ടുണ്ടെങ്കിലും കൊച്ചുകുട്ടികള്‍ ഇതിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഇന്ദിര ജംഗ്ഷനു സമീപം ചാത്തനാട് റോഡിന്റെ ഓടയില്‍ വീണ് ഗര്‍ഭിണിയായ യുവതിക്കു പരിക്കേറ്റിരുന്നു.