ശാസ്ത്രപ്രതിഭകളുടെ ഓപ്പണ്‍ ഗാലറി ശ്രദ്ധേയം
1479401
Saturday, November 16, 2024 5:03 AM IST
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ പ്രാധാന്യം വിളിച്ചോതി ശാസ്ത്രരംഗത്തെ അത്ഭുത പ്രതിഭകളുടെ ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓപ്പണ്‍ ഗാലറി തുറന്നു. സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ ഒരുക്കിയ ഓപ്പണ്‍ ഗാലറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു ഉദ്ഘാടനം ചെയ്തു.
മന്ത്രി സജി ചെറിയാന്റെ പ്രത്യേക നിര്‍ദേശപ്രകാരം കേരള ലളിതാകലാ അക്കാദമിയിലെ കലാകാരന്മാരാണ് 25 പ്രശസ്തരായ ശാസ്ത്രജ്ഞരുടെ ഛായ ചിത്രങ്ങള്‍ ഒരുക്കിയത്.
ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ടിം ബെര്‍ണേഴ്സ് ലീ, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, എസ്. രാമാനുജന്, ഡോ. വിക്രം സാരാഭായി, ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ്, ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ് തുടങ്ങിയ ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭകളുടെ ഛായാചിത്രങ്ങള്‍ ഗാലറിയെ സമ്പന്നമാക്കുന്നു.
ചിത്രകാരന്മാരായ ഉദയന്‍ വാടയ്ക്കല്‍, എം. ഹുസൈന്, വി.ആര്. രഘുനാഥ്, വിമല്‍കുമാര്‍ എന്നിവരാണ് ഛായചിത്രങ്ങള്‍ തയാറാക്കിയത്. ആലപ്പുഴയുടെ അഭിമാനമായ ഡോ. ടെസി തോമസിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.