നഗരത്തെ ഉത്സവലഹരിയിലാക്കാന്‍ കലാപരിപാടികളും
1479192
Friday, November 15, 2024 4:56 AM IST
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് പൊലിമയേകാന്‍ വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും ഒരുങ്ങുന്നു. സംഘാടകസമിതിയുടെ നേതൃത്വല്‍ വിപുലമായ കലാപരിപാടികളാണ് 15 മുതല്‍ 18 വരെ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
മേളയുടെ ആദ്യദിനം പ്രധാനവേദിയായ സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ വൈകിട്ട് അഞ്ചിന് ഇപ്റ്റ നാട്ടരങ്ങോടെയാണ് സാംസ്കാരിക പരിപാടികള്‍ക്കു തുടക്കമാവുക. നാട്ടുപാരമ്പര്യത്തിന്റെ പാട്ടും കൊട്ടും ചുവടുമായ് ജനപ്രിയകലാകാരന്മാരെ അണിനിരത്തി സജീവ് കാട്ടൂരാണ് കലാമേള നയിക്കുന്നത്.
16ന് ശനിയാഴ്ച്ച രണ്ടുമുതല്‍ ലിയോ തേര്ട്ടീന്ത് എച്ച് എസ്എസില്‍ അതിവേഗ ചിത്രകാരന് ഡോ. ജിതേഷ്ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങ് നടക്കും. ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരെ വേഗവരയിലൂടെ അരങ്ങില്‍ അവതരിപ്പിക്കുന്ന വിനോദ വിജ്ഞാന സ്റ്റേജ് ഷോയാണിത്.
ഡോ. ജിതേഷ്ജി വരയ്ക്കുന്ന പ്രമുഖരുടെ കാരിക്കേച്ചറുകള്‍ തിരിച്ചറിഞ്ഞ് ശരിയായ ഉത്തരം പറയുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ സമ്മാനവും നല്‍കുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് സെന്റ് ജോസഫ്സ്എച്ച് എസ് എസില്‍ പള്ളിക്കൂടം ടി വി മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. സംസ്ഥാനത്തെ പാട്ടുകാരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗാനമേള ട്രൂപ്പാണിത്. 16 ന് 7.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന രംഗ് മാല സെന്റ് ജോസഫ്സ് എച്ച്എസില്‍ അരങ്ങേറും.
17ന് വൈകിട്ട് അഞ്ചിന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്പാട്ടിനും സെന്റ് ജോസഫ്സ് എച്ച്.എസ് വേദിയാകും. കൂടാതെ 16, 17 തീയതികളിലായി ലിയോ തേര്ട്ടീന്ത് എച്ച്എസ്എസില്‍ നാടന്‍ പാട്ടുകള്‍, വിവിധ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാന്‍സ്, കരോക്കെ ഗാനമേള, നാടകം, ഏകാംഗ നാടകം, സോപാന സംഗീതം തുടങ്ങിയ മറ്റു കലാപരിപാടികളും അരങ്ങേറും.
16ന് രാവിലെ 10 മുതല്‍ കടയ്ക്കല്‍ ആമിന ടീച്ചറും അധ്യാപകസംഘവും നയിക്കുന്ന ചിത്രപ്രദര്‍ശനവും തത്സമയ ചിത്രരചനയും ലിയോ തേര്ട്ടീന്ത് എച്ച് എസ് എസില്‍ നടക്കും.
ഫോട്ടോ : സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രഗത്ഭ നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്യുതന് വൈദ്യരുടെ കടക്കരപ്പള്ളിയിലെ സ്മൃതികൂടീരത്തില്‍നിന്ന് ആരംഭിച്ച പതാകജാഥ ദലീമ ജോജോ എംഎല്‍എ ചേര്‍ത്തല എഇഒ പ്രതീഷിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.