അന്പല​പ്പു​ഴ: സ​ർ​ക്കാ​ർ ഡെന്‍റ​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ ഡെന്‍റൽ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി ജെ.പി. ന​ഡ്ഡ​യ്ക്ക് ക​ത്തുന​ൽ​കി.

സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം കൗ​ൺ​സി​ൽ റ​ദ്ദാ​ക്കാ​ൻ തു​നി​യു​ന്ന​ത്. ഇ​വി​ടെ പ​ഠി​ക്കു​ന്ന 200 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​രു​ള​ട​യു​ന്ന ന​ട​പ​ടി​യാ​ണ് കൗ​ൺ​സി​ലി​ന്‍റേത്. പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റു കോ​ളജി​ലേ​ക്ക് മാ​റ്റാ​മെ​ന്ന നി​ർദേശം പ്രാ​യോ​ഗി​ക​മ​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ അ​ത് ബാ​ധി​ക്കും.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ സ​ർ​ക്കാ​ർ ദ​ന്ത​ൽ കോ​ള​ജി​ൽ തു​ട​ർ​ന്ന് പ​ഠി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും എം​പി മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ൽ തേ​ടി മു​ഖ്യ​മ​ന്ത്രി​ക്കും വേ​ണു​ഗോ​പാ​ൽ ക​ത്ത് ന​ൽ​കി.കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം സം​ബ​ന്ധി​ച്ച പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെന്നും എംപി പറഞ്ഞു.