ഭൂമിക്കടിയില്‍ ഉഗ്ര സ്ഫോടനം; ആശങ്കയൊഴിയാതെ ആനക്കല്ല് നിവാസികള്‍
1465215
Thursday, October 31, 2024 12:59 AM IST
എടക്കര: ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപ്പട ആനക്കല്ലില്‍ ആശങ്കയൊഴിയാതെ ജനങ്ങള്‍. ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വിഭാഗം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടന ശബ്ദങ്ങള്‍ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നേരത്തെ മൂന്ന് തവണ മേഖലയില്‍ സ്ഫോടന ശബ്ദമുണ്ടയപ്പോള് കൂടുതല്‍ ആളുകള്‍ ഇക്കാര്യം അറിഞ്ഞതേയില്ല.
എന്നാല്‍ ചൊവ്വാഴ്ച വന്‍ സ്ഫോടന ശബദമുണ്ടാവുകയും വീടുകള്‍ പ്രകമ്പനം കൊള്ളുകയും ചെയ്തതോടെ എല്ലാവരും ഭീതിയിലായി. രാത്രി 9.15നാണ് ആദ്യശബ്ദമുണ്ടായത്. തുടരെ ചെറു ശബ്ദങ്ങള്‍ ഉണ്ടായി. എന്നാല്‍ 10.45 ഓടെ വലിയ സ്ഫോടന ശബ്ദമുണ്ടായി. ഇതോടെ വീടുകളില്‍ നിന്ന് ആളുകള്‍ കൂട്ട നിലവിളിയോടെ ഇറങ്ങിയോടി. മൂന്ന് കിലോമീറ്റര്‍ അകലെ വരെയുള്ള വീടുകളും കെട്ടിടങ്ങളും പ്രകമ്പനത്തില്‍ വിറച്ചു. നേരം പുലരുവോളം സ്ഫോടന ശബ്ദം തുടര്‍ന്നു.
വിവരമറിഞ്ഞ് പോത്തുകല്‍ വില്ലേജ് അധികൃതരും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ജനങ്ങളെ ഞെട്ടിക്കുളം എയുപി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. 2019ല്‍ കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ടറിഞ്ഞ ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞ് ക്യാമ്പിലേക്ക് മാറി. മിക്ക കുടുംബങ്ങളിലെ വയോധികരെയും രോഗികളെയും ദൂരത്തുള്ള ബന്ധുവീടുകളിലേക്ക് മാറ്റി.
പ്രദേശത്ത് തങ്ങിയവര് നേരം പുലരുവോളം വീടുകള്‍ക്ക് പുറത്ത് പേടിയോടെ ഉറങ്ങാതെ നേരം വെളുപ്പിച്ചു. ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവങ്ങളിലൂടെയാണ് ആനക്കല്ലിലെ ജനങ്ങള്‍ ചൊവ്വാഴ്ച രാത്രി കടന്നുപേയത്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന ജിയോളജി അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്ന് ക്യാമ്പിലുള്ളവര്‍ ഇന്നലെ രാവിലെ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും അവരുടെ ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല.
സ്ഫോടന ശബ്ദം അപകടകരമല്ലെന്ന്
എടക്കര: ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടാകുന്ന സ്ഫോടന ശബ്ദം അപകടകരമല്ലെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അധികൃതര്‍. അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. ജില്ലാ കളക്ടര്‍, ജിയോളജി വിഭാഗം, ഹൈഡ്രോളജി വിഭാഗം ഉദ്യോഗസ്ഥര്‍, പോത്തുകല്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്.
ജിയോളജി, ഹൈഡ്രോളജി വിഭാഗങ്ങള്‍ സ്ഥലപരിശോധന നടത്തി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ഭൂമിക്കടിയിലെ പാറകള്‍ തെന്നി മാറുമ്പോഴുണ്ടാകുന്ന മര്‍ദം പുറന്തള്ളുമ്പോഴാണ് സ്ഫോടന ശബ്ദമുണ്ടാകുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. കേരളത്തില്‍ പലയിടത്തും ഈ പ്രതിഭാസമുണ്ടായിട്ടുണ്ട്. സ്ഫോടന ശബ്ദത്തെത്തുടര്‍ന്ന് വീടുകളുടെ തറയിലും ഭിത്തിയിലും ഉണ്ടായിട്ടുള്ള വിള്ളലുകള്‍ നേരിയ തോതിലുള്ളതാണ്.
പാറകള്‍ തെന്നിമാറിയപ്പോള്‍ ഭൂമിക്കുണ്ടായ വ്യതിയാനമാണ് വിള്ളലുകളായി കാണപ്പെട്ടത്. ഭയാനകമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ റവന്യു അധികൃതരെ വിവരമറിയിക്കുകയും സമീപത്തുള്ള ക്യാമ്പുകളിലേക്ക് മാറിതാമസിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, മേഖലയില്‍ വിശദമായപഠനം നടത്തും. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും.