യൂത്ത്ലീഗ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി
1465184
Wednesday, October 30, 2024 7:47 AM IST
പെരിന്തല്‍മണ്ണ: മങ്കട, പെരിന്തല്‍മണ്ണ മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റികള്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി. കുടുംബങ്ങളെ തകര്‍ക്കുന്ന പോലീസ് രാജിനെതിരേയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മങ്കട മണ്ഡലത്തിലെ കരിഞ്ചാപ്പാടി സ്വദേശികളായ നാല് യുവാക്കളെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തി മാസങ്ങളോളം ജയിലില്‍ അടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും സംഭവത്തില്‍ ഷഫീക് എന്ന യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടതായും യൂത്ത് ലീഗ് ആരോപിച്ചു.
ഈ സംഭവത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. നജീബ് കാന്തപുരം എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സിദീഖ് വാഫി അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കാനുള്ള മുന്‍ എസ്പി സുജിത്ദാസ് ഉള്‍പ്പെടെയുള്ള അധികാരികളുടെ ഒളി അജണ്ടകളുടെ ഇരകളാണ് ഷഫീക്കും സുഹൃത്തുക്കളുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഷഫീഖിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നീതി ലഭിക്കുന്നതിനു പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി ഉസ്മാന് താമരത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ കുരിക്കള്‍ മുനീര്‍, ടി.പി. ഹാരിസ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ റാഫിഹ് കുളത്തൂര്‍, കെ.എം ഫത്താഹ്, അനീസ് വെള്ളില, ശിഹാബ് ചോലയില്‍, ശരീഫ് കക്കൂത്ത്, മുഹമ്മദ് നരിക്കുന്നന്‍, നിസാര്‍ പാങ്, ഹംസത്തലി ചെലങ്ങര, എന്‍.പി. അന്‍സാര്‍, സക്കീര്‍ മണ്ണാര്‍മല, യു. ടി. മുന്ഷിര് തുടങ്ങിയവര്‍ നേതൃത്വം നല്കി.