ഇന്ത്യന്‍ ഭരണഘടന ഏറ്റവും മികച്ചത്: ഹാരിസ് ബീരാന് എംപി
1465186
Wednesday, October 30, 2024 7:47 AM IST
പെരിന്തല്‍മണ്ണ: ഇന്ത്യന്‍ ഭരണഘടനയുടെ കഴിഞ്ഞ കാലവും സമകാലിക സാഹചര്യങ്ങളും ഭാവിയില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും എംഇഎസ് മെഡിക്കല്‍ കോളജില്‍ ചര്‍ച്ച സംഘടിപ്പിച്ചു.അഡ്വ. ഹാരിസ് ബീരാന് എംപി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ തന്നെ മികച്ച ഭരണഘടനകളില്‍ ഒന്നാണ് ഇന്ത്യയുടേത്. എന്നാല്‍ ഭരണഘടന നിര്‍മാണസഭയില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി നിരാകരിച്ച മതരാഷ്ട്രവാദവും മതാടിസ്ഥാനത്തിലുള്ള പൗരത്വവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിലവിലെ ഭരണഘടന അധികാരം ദുരുപയോഗം ചെയ്ത് വിധേയമാക്കുവാന്‍ ശ്രമം നടത്തി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളും നാനാത്വത്തില്‍ ഏകത്വവും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനവുമെല്ലാം ചോദ്യം ചെയ്യുന്ന തരത്തിലാണ് വര്‍ത്തമാനകാല ഇന്ത്യയിലെ പല സംഭവവികാസങ്ങളുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘടനവും എംഇഎസ് ലബോറട്ടറിക്ക് ലഭിച്ച ലബോറട്ടറി സേവനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന എന്‍എബിഎല്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് അനാച്ഛാദനവും നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഗിരീഷ്രാജ്, ഡോ. ഹമീദ് ഫസല്‍ (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ), ഡോ. സാജിദ് മുഹമ്മദ് (മെഡിക്കല്‍ സൂപ്രണ്ട് ) എന്നിവര്‍ പ്രസംഗിച്ചു.