ആനക്കല്ലില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ജി.ആര്. അനിൽ
1465214
Thursday, October 31, 2024 12:59 AM IST
എടക്കര: ഉപ്പട ആനക്കല്ലില്‍ ഉഗ്രസ്ഫോടന ശബ്ദമുണ്ടായ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍. സ്ഫോടന ശബ്ദത്തെ തുടര്‍ന്ന് വിള്ളല്‍ വീണ വീടുകള്‍ മന്ത്രി ഇന്നലെ രാത്രി സന്ദര്‍ശിച്ചു. വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ 11 ന് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, ജില്ലാ ജിയോളജി സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കും.
വിശദമായ പഠനം നടത്തി ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്കി. സംഭവത്തില്‍ വീടിന് കേട്പാട് സംഭവിച്ച ആനക്കല്ല് കുട്ടന് ചെട്ട്യാര്, ശോഭന എന്നിവരുടെ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. പി.എം. ബഷീര്‍, എം. മുജീബ് റഹ്മാന്, മുസ്തഫ പാക്കട, പി.വി. രാജു, സലിംകുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.