അംറൂദിയക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
1464697
Tuesday, October 29, 2024 1:12 AM IST
മഞ്ചേരി: തോട്ടിലെ വെള്ളത്തില്‍ വീണ് അകാലത്തില്‍ പൊലിഞ്ഞുപോയ ബാലികക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. എളയൂര്‍ മീഞ്ചിറ പടിഞ്ഞാറ്റിയകത്ത് മണ്ണില്ത്തൊടുവില് വെല്ലൂരാന്‍ നൗഫലിന്റെ മകള്‍ അംറൂദിയയെന്ന ഒമ്പതു വയസുകാരിയുടെ കബറടക്കം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തന്നൂര്‍ പഴയ ജുമാമസ്ജില്‍ നടന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നര മണിക്കായിരുന്നു അപകടം. തൃപ്പനച്ചി എയുപി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ അംറൂദിയ, സ്കൂള്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം മാതാവ് റംലത്തിന്റെ വീട്ടിലെത്തിയതായിരുന്നു. ഇവിടെ നിന്ന് തോടരികിലൂടെ വീട്ടിലേക്ക് നടന്നു പോകവെ വള്ളിച്ചെടികള്‍ കാലില്‍ പിണഞ്ഞ് തോട്ടിലേക്ക് വീണു. കാര്‍ഷിക ആവശ്യത്തിനായി ചിറ കെട്ടിയതിനാല്‍ തോട്ടില്‍ വെള്ളം കെട്ടി നിന്നിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ കരയ്ക്കു കയറ്റി തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ സ്കൂളിന് അവധി നല്‍കിയിരുന്നു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സഹപാഠിക്ക് യാത്രാമൊഴിയേകാന്‍ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര് എത്തിയിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രാര്‍ഥനക്ക് ഉസ്മാന് ബാഖവി നേതൃത്വം നല്കി. മുഹമ്മദ് സിനാന്, മുഹമ്മദ് സര്‍ജാസ്, ഫാത്തിമ ഫിദ, മുഹമ്മദ് നിസാം, അസ്ബിയ, ഫാത്തിമ മയാസ എന്നിവരാണ് അംറൂദിയയുടെ സഹോദരങ്ങള്‍.