രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു കൊടിയിറങ്ങും
1488569
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു കൊടിയിറങ്ങും. 29-ാമത് ഐഎഫ്എഫ്കെയുടെ അവസാനദിനത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് 11 സിനിമകളാണ്. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിശാഗന്ധിയില്‍ നടക്കും. ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മല്സരവിഭാഗത്തില് മത്സരിക്കുന്ന 14 ചിത്രങ്ങളില്‍ നിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ട്.
മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ എസ്എംഎസ് വഴിയോ ഇന്ന് ഉച്ചയ്ക്ക് 2.30 വരെ വോട്ടിംഗ് രേഖപെടുത്താം. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനു രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇന്ന് വൈകുന്നേരം നടക്കുന്ന ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ സമ്മാനിക്കും.
സ്ത്രീശബ്ദം ഉയര്‍ന്നുകേട്ട പാനല്‍ ചര്‍ച്ച ‘ഫീമെയിൽ വോയ്സസ് ’
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനത്തിലെ പാനല്‍ ചര്‍ച്ച ഫീമെയില്‍ വോയിസില്‍ മുഴങ്ങിക്കേട്ടത് സിനിമയിലെ സ്ത്രീശബ്ദം. മേളയ്ക്കെത്തിയ പ്രമുഖ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ അണിനിരന്നപ്പോള്‍ ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ച കാലിക പ്രസക്തമായി.
സംവിധായിക റിമ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെന്‍ഗുപ്ത, നടി കനി കുസൃതി, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവരാണ് ഇന്ത്യന്‍ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
മേളയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം മോഡറേറ്ററായ പരിപാടിയില്‍ സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും സ്ത്രീകള്‍ക്ക് മുന്നിലുള്ള സാധ്യതകളും ചര്‍ച്ചയായി.
സിനിമാമേഖലയില്‍ സ്ത്രീകള്‍ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകള്‍ ചെയ്യണമെന്ന സമ്മര്‍ദം സ്ത്രീകള്‍ക്ക് മേല്‍ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സര്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു. സിനിമാമേഖലയില്‍ സ്ത്രീകള്‍ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്.
സിനിമയിലെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുക എന്നതും അവരുടെ തൊഴില്‍ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു.
പരീക്ഷണ സിനിമകള്‍ക്കുള്ള മികച്ച വേദിയാണെന്ന് സംവിധായകര്‍
തിരുവനന്തപുരം: സര്‍ഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകര്‍. ഏഴാം ദിനം ടാഗോര്‍ തിയറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംവിധായകരായ ഫാസില്‍ മുഹമ്മദ്, ജിതിന് ഐസക് തോമസ്, ഈജിപ്ഷ്യന്‍ അഭിനേതാവായ അഹ്മദ് കമല്‍ എന്നിവരാണ് പങ്കെടുത്തത്.
വളരെ കുറഞ്ഞ ചിലവില്‍ ചിത്രീകരിച്ച ചിത്രമായിട്ടും പാത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐഎഫ്എഫ്കെയില് ലഭിച്ചത് എന്നതില്‍ സന്തോഷമുണ്ടന്ന് സംവിധായകന് ജിതിന് ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ഫെമിനിച്ചി ഫാത്തിമ എന്ന് ഫാസില്‍ പറഞ്ഞു.
സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താന്‍ ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സിനിമയെ ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യന്‍ സിനിമ നേരിടുന്ന സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങളെ കുറിച്ചും ഈജിപ്ഷ്യന്‍ അഭിനേതാവ് അഹ്മദ് കമല്‍ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചര്‍ച്ചയില്‍ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്ടേഴ്സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.
മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം: നാനാ ജോര്‍ജാഡ്സെ
തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ജോര്‍ജിയന്‍ സംവിധായിക നാനാ ജോര്‍ജാഡ്സെ നിള തിയേറ്ററില്‍ നടന്ന ഇന്‍ കോണ്വര്സേഷനില് സംഭാഷണം തുടങ്ങിയത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി അംഗമായ നാനാ ജോര്‍ഡ്ജാഡ്സെയുമായി ആദിത്യ ശ്രീകൃഷ്ണയാണ് സംസാരിച്ചത്.
കുട്ടിക്കാലം മുതല്‍ സിനിമയോടുള്ള ഇഷ്ടം ആര്‍ക്കിടെക്ചര്‍ പഠന ശേഷം സിനിമയിലേക്കുള്ളതന്റെ കടന്നുവരവിന് കാരണമായെന്നു നാനാ ജോര്‍ജാഡ്സെ പറഞ്ഞു. പ്രത്യേകമായൊരു സിനിമ സംസ്കാരം ജോര്‍ജിയക്കില്ലെന്നും മറിച്ച് അതിവിശാലമായ ഭൂപ്രകൃതിയുള്ള തന്റെ രാജ്യത്തെ സിനിമയിലൂടെ ചലച്ചിത്രസ്വാദകര്‍ക്ക് സമ്മാനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജോര്‍ഡ്ജാഡ്സെ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ കുറഞ്ഞ ചിലവില്‍ നിര്‍മിക്കുന്ന ജോര്‍ജിയന്‍ ചിത്രങ്ങള്‍ വിവിധ അന്താരാഷ്ട്രമേളകളില് പ്രദര്ശിപ്പിക്കപ്പെടാറുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് പോലുള്ള രാജ്യങ്ങള്‍ ജോര്‍ജിയന്‍ സിനിമകളുടെ നിര്‍മാണത്തിന് സഹായിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.