ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ദേവാലയങ്ങള്‍..
1489513
Monday, December 23, 2024 6:46 AM IST
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി. പാതിരാ കുര്‍ബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്മ പുതുക്കുന്ന ആഘോഷങ്ങള്‍ക്കു തുടക്കമാകുക. ക്രിസ്മസ് ദിനമായ ബുധന്‍ പുലര്‍ച്ചെയും പള്ളികളില്‍ കുര്‍ബാന ഉണ്ടാകും.
വിവിധ ദേവാലയങ്ങളിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നാളെ രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്മികനായിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് കരോളും ഉണ്ടാകും.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയിലെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കുന്നതിനായി എത്തിച്ചേരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് നാളെ രാത്രി 10.30നു പള്ളി അങ്കണത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് നടക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്, സഹവികാരിമാരായ ഫാ. റോബിന് പുതുപ്പറമ്പില്‍, ഫാ. റോണ്‍ പൊന്നാറ്റില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ 5.30നും 7.15നും ആഘോഷമായ വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നാളെ രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
വഴുതക്കാട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നാളെ രാത്രി 11ന് ആഘോഷമായ ക്രിസ്മസ് ദിവ്യബലി. ക്രിസ്മസ് ദിനത്തില്‍ രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകുന്നേരം നാലിനും 5.30നും ദിവ്യബലിയുണ്ടാകും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ നാളെ രാത്രി 11.30ന് ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ ഏഴിനും വൈകുന്നേരം 5.30 നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ നാളെ വൈകുന്നേരം ഏഴിന് ആരംഭിക്കും. ബസിലിക്ക റെക്ടര്‍ ഫാ.നെല്‍സണ്‍ വലിയവീട്ടല് മുഖ്യകാര്‍മികനാകും.
തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ നാളെ രാത്രി 8.30ന് ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബാന. നേതൃത്വം നല്‍കുന്നത് ഇടവക വികാരി ഫാ. ജോസ് ചരുവില്‍.
വെള്ളൂര്‍ക്കോണം ലാ സാലേത് മാതാ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ് മസ് ശുശ്രൂഷകള്‍ നാളെ രാത്രി ഒന്‍പതിന് ആരംഭിക്കും. അരുവിക്കര സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നാളെ രാത്രി ആറിന് ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കും.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മലങ്കര കത്തോലിക്കാ പള്ളിയിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രത്യേക ശുശ്രൂഷകള്‍ നാളെ വൈകുന്നേരം ഒന്‍പതിന് ആരംഭിക്കും. ഫാ.ജോണ്‍ കുറ്റിയില്‍ മുഖ്യ കാര്‍മികനായിരിക്കും. ഇന്നു വൈകുന്നേരം ആറുമുതല്‍ പള്ളിയില്‍ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും.
ശ്രീകാര്യം സെന്റ് ജോസഫ് എമ്മാവൂസ് ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ നാളെ രാത്രി പത്തിന് ആരംഭിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ 6.30നും വിശുദ്ധകുര്ബാനയുണ്ടാകും.