ഇ-സിം അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ
Sunday, December 22, 2024 11:57 PM IST
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ടെലികോം കന്പനിയായ ബിഎസ്എൻഎൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാർച്ചിലാണ് ഇ-സിം സംവിധാനം ഒൗദ്യോഗികമായി ബിഎസ്എൻഎൽ ലോഞ്ച് ചെയ്യാൻ ആലോചിക്കുന്നത്. 2025 മാർച്ചിൽ ബിഎസ്എൻഎലിന്റെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എൻഎൽ കണ്‍സ്യൂമർ മൊബിലിറ്റി ഡയറക്ടർ സന്ദീപ് ഗോവിൽ അറിയിച്ചു.
നിലവിൽ സ്വകാര്യ ടെലികോം പ്രൊവൈഡർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവർ ഇന്ത്യയിൽ ഇ-സിം സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകൾ വളരെ കുറവായതിനാൽ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കൾ പരിമിതമാണ്. ഫിസിക്കൽ കാർഡുകളെക്കാൾ ഇ-സിമ്മുകൾ ആണ് കൂടുതൽ സുരക്ഷിതം. അതിനാൽ ഇപ്പോൾ ആളുകൾ ഇ-സിം ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്ഫോണിൽനിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. പ്രീമിയം ഫോണുകൾ പലതും ഇപ്പോൾ ഇ-സിം പിന്തുണയോടെ എത്തുന്നുണ്ട്. ഇത് വാങ്ങുന്നവർ തങ്ങളുടെ പ്രധാന സിം ഇ-സിം ആക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎലും മാറ്റത്തിനു തയാറെടുക്കുന്നത്.
2025 ജൂണ്‍ മാസത്തോടെ 4ജി വിന്യാസം പൂർത്തീകരിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 60,000ത്തിലധികം 4ജി ടവറുകൾ ബിഎസ്എൻഎൽ പൂർത്തീകരിച്ചു.