ഇന്ത്യയുടെ യുപിഐ ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു
Sunday, December 22, 2024 11:57 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 2025 ആരംഭത്തോടെ ഏഷ്യയിലെ ആറ് രാജ്യങ്ങളിൽ കൂടി യുപിഐ ലഭിക്കും. ഖത്തർ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാകും ഡിജിറ്റൽ പണമിടപാടിനുള്ള ഇന്ത്യൻ സംവിധാനം ലഭ്യമാക്കുക.
ഈ രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് തത്സമയ ഇടപാടുകൾ നടത്താൻ കഴിയും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ ഉടമസ്ഥതയിലുള്ള പേയ്മെന്റ് സംവിധാനമായ എൻഐപിഎൽ ആണ് ഇത് നടപ്പാക്കുക. നിലവിൽ ഭൂട്ടാൻ, മൗറീഷ്യസ്, നേപ്പാൾ, സിംഗപ്പുർ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ ഏഴ് രാജ്യങ്ങളിൽ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്നുണ്ട്.
ഭീം, ഫോണ്‍പേ, പേടിം, ഗൂഗിൾ പേ തുടങ്ങി ഇരുപതോളം തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഇത്തരം അന്താരാഷ്ട്ര ഇടപാടുകളെ പിന്തുണയ്ക്കുന്നു.