വരവറിയിച്ച് സിറോസ്
Saturday, December 21, 2024 12:47 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്യുവി സിറോസ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കോംപാക്റ്റ് എസ്യുവി ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർധന മനസിലാക്കിയാണ് കിയ പുതിയ കോംപാക്റ്റ് എസ്യുവിയായ സിറോസിനെ കളത്തിലിറക്കിയത്. സബ് നാല് മീറ്റർ എസ്യുവി വിഭാഗത്തിൽപെടുന്ന സിറോസിന് കിയ സോനറ്റ്, കിയ സെൽറ്റോസ് എന്നിവക്കിടയിലായിരിക്കും സ്ഥാനം. കന്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ് യുവിയാണിത്.
ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ, മാരുതി ബ്രെസ, വരാനിരിക്കുന്ന സ്കോഡ കൈലാക്ക് തുടങ്ങിയവയായിരിക്കും സിറോസിന്റെ പ്രധാന എതിരാളികൾ. നിലവിൽ പെട്രോൾ-ഡീസൽ എൻജിനുകളിൽ ലഭ്യമാകുന്ന സിറോസ് വൈകാതെ ഇലക്ട്രിക് വേരിയന്റിലും എത്തും.
കടമെടുത്ത ഡിസൈൻ
കിയയുടെ ഇവി 9, ഇവി 3 മോഡലുകളിൽ നിന്ന് കടമെടുത്തതാണ് സിറോസിന്റെ ഡിസൈൻ. കിയയുടെ വിദേശ കാറുകൾക്ക് സമാനമായ ശൈലിയാണ് ഡിസൈനിൽ പരീക്ഷിച്ചിരിക്കുന്നത്. ബന്പറിന്റെ അരികുകളിൽ ലംബമായി അടുക്കിയ ക്യൂബ് ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാന്പുകൾ, ഡ്രോപ്പ് ഡൗണ്‍ എൽഇഡി ഡിആർഎൽ, കോണ്‍ട്രാസ്റ്റിംഗ് സിൽവർ ട്രിം എന്നിവയാണ് മുൻവശം ഭംഗിയാക്കുന്നത്.
വീൽ ആർച്ചുകൾക്ക് മുകളിൽ ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് വശങ്ങളുടെ അഴക്. പുറകിൽ വിൻഡ്സ്ക്രീനിന് ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന ഹൈ മൗണ്ടഡ് എൽ ആകൃതിയിലുള്ള ടെയിൽ ലാന്പുകളും റിയർ ബന്പറിന് രണ്ട് ടോണ്‍ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷിങ്ങും ആരെയും ആകർഷിക്കും.
അകത്തളം തിളങ്ങും
ടോൾബോയ് ഡിസൈനും നീളമേറിയ വീൽബേസും കൂടുതൽ ഇന്റീരിയർ സ്പേസ് നൽകുന്നു. ഉള്ളിൽ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്പ്ലേകളാണ് നൽകിയിരിക്കുന്നത്. ടു സ്പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് പാഡ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള ഒടിഎ അപ്ഡേറ്റുകൾ, ഇൻ കാർ കണക്റ്റിവിറ്റി ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ് എന്നിവയുമുണ്ട്. എട്ട് സ്പീക്കർ ഹർമൻ കാർഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഇലക്ട്ര്ോണിക് പാർക്കിംഗ് ബ്രേക്ക്, ചാരിയിരിക്കാവുന്നതും സ്ലൈഡുചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകൾ, സെന്റർ ആംറെസ്റ്റ്, ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ലെവൽ 2 എഡിഎഎസ് സ്യൂട്ട് എന്നീ ഫീച്ചറുകളും കൂടിയാവുന്പോൾ സിറോസ് സെഗ്മെന്റിൽ വേറിട്ടു നിൽക്കും.
സിറോസിന്റെ ഹൃദയം
1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് സിറോസിന്റെ ഹൃദയം. 120 ബിഎച്ച്പി കരുത്തിൽ 172 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം വാങ്ങാം.
ഡീസലിൽ 115 ബിഎച്ച്പി കരുത്തിൽ 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന ഡീസൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമുണ്ട്.
വില കാത്തിരിക്കണം
3,995 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,665 മില്ലിമീറ്റർ ഉയരവും 2,550 മില്ലിമീറ്റർ വീൽബേസുമാണ് സിറോസിനുള്ളത്. 465 ലിറ്ററാണ് ബൂട്ട് സ്പേസ്. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ എട്ടു നിറങ്ങളിൽ സിറോസ് ലഭിക്കും.
ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ സിറോസിന്റെ വില കിയ പ്രഖ്യാപിക്കും. 2025 ജനുവരി മൂന്നിന് ബുക്കിംഗ് ആരംഭിക്കുന്ന സിറോസിന്റെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കും.