റബര്‍ വിദേശ നിരക്ക് ഉയരങ്ങളില്‍; വില ഉയര്‍ത്താതെ റബര്‍ ബോര്‍ഡ്
Tuesday, December 17, 2024 10:50 PM IST
കോട്ടയം: റബര്‍ വിദേശ-ആഭ്യന്തര വിലകൾ തമ്മില്‍ 20 രൂപയുടെ വ്യത്യാസം. വിദേശത്ത് വില ഇത്ര ഉയരത്തില്‍ എത്തുകയും മഴക്കെടുതിയില്‍ ഉത്പാദനം കുറയുകയും ചെയ്തിട്ടും വില ഇടിക്കാന്‍ റബര്‍ ബോര്‍ഡും വ്യവസായികളും തമ്മില്‍ ഒത്തുകളി. വില 200 രൂപയിലെത്താതെ ചരക്ക് വില്‍ക്കില്ലെന്ന ഉറച്ച നിലപാടില്‍ കര്‍ഷകര്‍ സംഘടിതമായി ഷീറ്റ് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില 200 ആയി ഉയര്‍ത്തിയാല്‍ വ്യവസായികളും വില ഉയര്‍ത്താന്‍ തയാറാകും. അപ്രതീക്ഷിത മഴക്കെടുതിയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉത്പാദനം കുറവാണ്.
മുപ്പതിനായിരം ടണ്ണില്‍ കുറവായിരിക്കും ഈ മാസങ്ങളിലെ ഉത്പാദനമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളില്‍ അര ലക്ഷം ടണ്ണിനു മുകളിലായിരുന്നു നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളിലെ ഉത്പാദനം. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് 191, ഗ്രേഡ് നാലിന് 187 നിരക്കിലായിരുന്നു വില. അതേസമയം വിദേശവില 210നു മുകളിലാണ്.
ലാറ്റക്സിനും ഒട്ടുപാലിനും വില കാര്യമായി കുറഞ്ഞിട്ടുമില്ല. വിപണിയില്‍ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുമ്പോഴും വില ഉയര്‍ത്താന്‍ റബര്‍ ബോര്‍ഡ് താത്പര്യപ്പെടുന്നില്ല. നിലവില്‍ 200 രൂപയായി വില പ്രഖ്യാപിച്ചാലും നിലവിലെ സാഹചര്യത്തില്‍ വ്യവസായികള്‍ ഷീറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരാകും.