കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം കവാടം തുറന്നു
1478703
Wednesday, November 13, 2024 5:38 AM IST
ബുക്കിംഗ് കൗണ്ടര്‍, എസ്കലേറ്റര്‍, ഫുട് ഓവര്‍ബ്രിഡ്ജ് സജ്ജം
കോട്ടയം: നാഗമ്പടത്തിനുസമീപം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം പൊതുജനങ്ങള്‍ക്കു തുറന്നു നല്കി. ബുക്കിംഗ് കൗണ്ടര്‍, ലിഫ്റ്റ്, എസ്കലേറ്റര്‍ എന്നിവ യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യപ്രദമായി. ഇതോടെ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് സൗകര്യവും ലഭ്യമായി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് രണ്ടാം കവാടം യാഥാര്‍ഥ്യമായത്. രണ്ടാം കവാടത്തില്‍ പാര്‍ക്കിംഗ് സൗകര്യമുള്ളത് ഒന്നാം കവാടത്തിലെ തിരക്ക് കുറയ്ക്കും.
റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടര്‍, 150 മുതല്‍ 200 വരെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കാത്തിരിപ്പ് കേന്ദ്രം, കോഫി ഷോപ്പ് എന്നിവ ഇവിടെയുണ്ട്. പുതിയ കവാടം തുറന്നതോടെ എംസി റോഡില്‍നിന്നും സ്റ്റേഷനിലേക്കു ഔദ്യോഗിക വഴിയായി. ഇപ്പോള്‍ ഗുഡ്സ്ഷെഡ് റോഡ് വഴി എത്തുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ സൗകര്യമില്ലായിരുന്നു.
രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടര്‍, എസ്കലേറ്റര്‍ എന്നിവയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപല്‍യാല്‍, സ്റ്റേഷന് മാനേജര്‍ പി.വി. വിജയകുമാര്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ കെ.എന്‍. ശ്രീരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടാം കവാടത്തിന്റെ ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകാതെ പൂര്‍ത്തിയാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
വൈക്കത്തഷ്ടമി: രണ്ടു ടെയ്രിനുകള്ക്ക് സ്റ്റോപ്പ്
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി 21 മുതല്‍ 24 വരെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വേണാട്, പരശുറാം, വഞ്ചിനാട് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
ക്ഷണിച്ചില്ല; എഫ്ബി പോസ്റ്റുമായി തോമസ് ചാഴികാടൻ
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം യാഥാര്‍ഥ്യമാക്കാന്‍ എംപിയായിരിക്കെ പരിശ്രമിച്ച തോമസ് ചാഴികാടനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ചാഴികാടന് ചടങ്ങിന് ഫേസ്ബുക്കിലുടെ ആശംസ അറിയിച്ചു.
തോമസ് ചാഴികാടന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: കോട്ടയം റെയില്‍വേ സ്റ്റേഷന് രണ്ടാം കവാടം യാത്രക്കാര്‍ക്ക് ഇന്നു തുറന്നു കൊടുക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ രണ്ടാം കവാട നിര്‍മാണം തുടങ്ങിവയ്ക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും കോട്ടയം റെയില്‍വേ സ്റ്റേഷന്റെ സമഗ്രവികസനത്തിനും നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
ഇനി രണ്ടാം കവാടത്തിനോടു ചേര്‍ന്നുള്ള പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങളും കൂടെ എത്രയും വേഗം റെയില്‍വേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രിയപ്പെട്ട യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ശുഭയാത്ര നേരുന്നു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ അറിയേണ്ടത്
*കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ രണ്ടാം കവാടത്തിലെ താഴത്തെ നിലയിലാണ് ഇന്നു മുതല്‍ പ്രവര്‍ത്തിക്കുക.
*ഏറ്റുമാനൂര്‍ ഭാഗത്തുനിന്നെത്തുന്നവര്ക്കു നാഗമ്പടം റെയില്‍വേ മേല്‍പ്പാലം, നാഗമ്പടം ബസ് സ്റ്റാന്‍ഡ് എന്നീ വഴികള്‍ ചുറ്റാതെ നാഗമ്പടത്തുനിന്നു ഗുഡ്സ് ഷെഡ് റോഡ് വഴി രണ്ടാം പ്രവേശന കവാടത്തിലെത്തി ടിക്കറ്റെടുത്തു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ആരംഭിക്കുന്ന മേല്‍പ്പാലത്തിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാം.
*രാവിലെ ആറു മുതല്‍ രാത്രി 10 വരൊണ് ആദ്യഘട്ടത്തില്‍ സാധാരണ ടിക്കറ്റ് കൗണ്ടര്‍ രണ്ടാം കവാടത്തില്‍ പ്രവര്‍ത്തിക്കുക.
*ഒന്നാം കവാടത്തില്‍ നേരിട്ടു ടിക്കറ്റെടുക്കുന്ന കൗണ്ടര്‍ പഴയതുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
*രണ്ടാം കവാടത്തില്‍ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.