നെടുംകുന്നം കീഴടക്കി തെരുവുനായ്ക്കൾ
1479090
Thursday, November 14, 2024 7:30 AM IST
നെടുംകുന്നം: തെരുവുനായ ശല്യത്തിൽ വലഞ്ഞ് നെടുംകുന്നം. സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തി തെരുവുനായ്ക്കൾ മാണികുളം, നെടുംകുന്നം പള്ളിപ്പടി ജംഗ്ഷൻ, കാവുന്നട കവല തുടങ്ങിയ ഇടങ്ങളിലെല്ലാം വിഹരിക്കുകയാണ്. ഇരുപതിലധികം നായ്ക്കളാണ് അലഞ്ഞുതിരിയുന്നത്.
ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് ഭീഷണിയാണ് ഇവറ്റകൾ. കാൽനട യാത്രികർക്കുനേരേ കുരച്ചുചാടുക, വാഹനങ്ങൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കടിപിടി കൂടുക തുടങ്ങിയവ നിത്യകാഴ്ചയാണ്.
റോഡിലൂടെയുള്ള ഇവറ്റകളുടെ പരക്കംപാച്ചിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നതു സാധാരണയായിക്കഴിഞ്ഞു. ഏതാനും നാൾ മുമ്പ് ഇത്തരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിനു ഗുരുതര പരിക്കേറ്റിരുന്നു. നെടുംകുന്നം ഗവൺമെന്റ് സ്കൂളിന്റെ ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് തെരുവുനായ്ക്കൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മറ്റിടങ്ങളിൽനിന്നു നായ്ക്കളെ നെടുംകുന്നം പ്രദേശങ്ങളിൽ എത്തിക്കുന്നതാണെന്നും പറയുന്നു. തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും ഇവയെ നിയന്ത്രിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട്.