ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ നാളെ
1478834
Wednesday, November 13, 2024 7:26 AM IST
കോട്ടയം: മാലിന്യസംസ്കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ രണ്ടുലക്ഷം വിദ്യാർഥികൾ പങ്കെടുക്കും.
ആൺ, പെൺ തുല്യാനുപാതത്തിൽ ഒരു ഹരിതസഭയുടെ ഭാഗമാകുന്നത് 200 കുട്ടികളാണ്. നിലവിൽ വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസർമാരായ അധ്യാപകരും ശിശുദിനത്തിൽ സഭയുടെ ഭാഗമാകും.
വിദ്യാലയങ്ങളിൽനിന്ന് ഹരിതസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി സഭയിൽ അവതരിപ്പിക്കും. സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ഹരിതസഭയിൽ ചർച്ച ചെയ്യും.
ഹരിതസഭയിൽ പങ്കെടുക്കുന്ന കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിക്കും. സഭയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു ജനപ്രതിനിധികളോട് ചോദ്യം ചോദിക്കാനുള്ള അവസരവും ഉണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ഹരിതസഭ. സബ് ജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഹരിതസഭ 18ന് സംഘടിപ്പിക്കും.