സർക്കാർ ആശുപത്രിയോടുള്ള അവഗണന; ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി
1478732
Wednesday, November 13, 2024 5:50 AM IST
മുണ്ടക്കയം: സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. പുത്തൻചന്തയിൽ നിന്നാരംഭിച്ച മാർച്ച് സർക്കാർ ആശുപത്രിപടിക്കലെത്തി തിരികെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്നുനടന്ന പ്രതിഷേധ യോഗം സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്യുസിഐ ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. ബെന്നി ദേവസ്യ, സിജു കൈതമറ്റം, കെ.കെ. ജലാലുദീൻ, രാജീവ് അലക്സാണ്ടർ, ടി.എസ്. റഷീദ് എന്നിവർ പ്രസംഗിച്ചു.
കിടത്തിചികിത്സ പുനരാരംഭിക്കുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുക, അത്യാഹിതവിഭാഗം പുനരാരംഭിക്കുക, പ്രസവ, ശിശുരോഗ, ഹൃദ്രോഗ, അസ്ഥിരോഗ, നേത്ര ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുക, ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുക, ടോക്കൺ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.