തീര്‍ഥാടകരെ ലക്ഷ്യംവച്ച് നഗരത്തിൽ അനധികൃത തട്ടുകടകള്‍ ഉയരുന്നു
1478939
Thursday, November 14, 2024 5:30 AM IST
പാലാ: ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ടു പാലായുടെ ഹൈവേ പാതയോരങ്ങളില്‍ അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപകമാകുന്നതായി പരാതി. മുനിസിപ്പൽ, പഞ്ചായത്ത് ലൈസന്‍സുകളില്ലാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം കടകളില്‍ റവന്യു, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബജ്ജി കടകളും ചെറുകടി വില്‍ക്കുന്ന ചായക്കടകളും വ്യാപകമായിട്ടുണ്ട്. വില കുറവാണെങ്കിലും പഴകിയ എണ്ണയിലും മറ്റും വറുത്തെടുക്കുന്ന ചെറുകടികള്‍ പല കടകളിലും വിൽക്കുന്നതായി പരാതിയുണ്ട്. ഇവ ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന ആശങ്ക വ്യാപകമാണ്.
നികുതി അടച്ചും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചും വലിയ തുകയ്ക്കു ലേലം പിടിച്ചും കട നടത്തുന്ന വ്യാപാരികള്‍ ഇത്തരം അനധികൃത തട്ടുകടകള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. അനുമതിയില്ലാത്ത ഇത്തരം കടകള്‍ ജനങ്ങളെ പിഴിഞ്ഞു വലിയ ലാഭമുണ്ടാക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.
പാലാ - പൊന്‍കുന്നം റോഡിലും പാലാ - കൂത്താട്ടുകുളം റോഡിലും പാലാ - തൊടുപുഴ റോഡിലും കടപ്പാട്ടൂര്‍ ബൈപാസ്, ടൗണ്‍ ബൈപാസ് എന്നിവിടങ്ങളിലും കൂണുപോലെ പെട്ടിക്കടകള്‍ ഉയരുകയാണ്.
വില നിയന്ത്രിക്കുന്ന കാര്യത്തിലും അധികൃതര്‍ ഇവര്‍ക്കെതിരേ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്ന അനധികൃത ബോര്‍ഡുകളും തട്ടുകടകളും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.