ബാലാവകാശ വാരാഘോഷത്തിന് ഇന്നു തുടക്കം; ശിശുദിനത്തില്‍ ലഹരിവിരുദ്ധ കൂട്ടനടത്തം
1479080
Thursday, November 14, 2024 7:17 AM IST
കോട്ടയം: വനിതാ-ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഇന്നു മുതല്‍ 20 വരെ ബാലാവകാശ വാരാഘോഷം സംഘടിപ്പിക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലഹരിവിരുദ്ധ കൂട്ടനടത്തം സംഘടിപ്പിക്കും.
രാവിലെ ഒന്‍പതിന് ജില്ലാ പോലീസ് ചീഫിന്റെ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ബാലാവകാശ വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് കൂട്ടനടത്തം ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍നിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്കാണ് കൂട്ടനടത്തം.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ. അരുണ്‍ കുര്യന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി.ജെ. ബീന, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് വിനോദ്പിള്ള എന്നിവര്‍ പങ്കെടുക്കും.
രാവിലെ 10നു തിരുനക്കര ഗാന്ധി ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയചന്ദ്രന് മുഖ്യസന്ദേശം നല്‍കും. ജില്ലാ വനിത-ശിശുവികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ചൈല്‍ഡ് ഹെല്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന് മൈക്കിള്‍ എന്നിവര്‍ പങ്കെടുക്കും.
കൂട്ടനടത്തത്തില്‍ കോട്ടയം ബിസിഎം കോളജ്, മേരി കാതറിന് സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഫ്ളാഷ് മോബും തെരുവുനാടകവും അരങ്ങേറും.