സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിന് മുന്നിലെ പോളപായലും പുല്ലും നീക്കി കായലോരം ശുചീകരിച്ചു
1479081
Thursday, November 14, 2024 7:17 AM IST
വൈക്കം: വൈക്കം കായലോര ബീച്ചിനു സമീപം സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിനു മുന്നിൽ കായലോരത്ത് വളർന്ന് തിങ്ങിയ പോളപായലും പുല്ലും വെട്ടി നീക്കി തീരം ശുചീകരിച്ചു. കുടുംബങ്ങൾ കൂടുതലായെത്തുന്ന കായലോര ബീച്ചിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് കൂടുതലായി ആളെത്തുമ്പോൾ കായലിന്റെ മനോഹാരിത അനുഭവവേദ്യമാക്കുന്നതിനുവേണ്ടിയാണ് നഗരസഭ ശുചീകരണം നടത്തിയത്.
കായലോരം തെളിച്ച് മുളംകമ്പ് നാട്ടി കയർബന്ധിച്ചു പോളപായൽ കയറാത്ത വിധത്തിലാക്കിയിട്ടുണ്ട്. പകൽ വെളിച്ചത്തിൽ കായലിന്റെ അടിത്തട്ട് വരെ തെളിഞ്ഞു കാണാം. രാത്രി ദീപാലങ്കാരങ്ങളുടെ പ്രഭയിൽ മുങ്ങിക്കുളിച്ച കായലിന്റെ ദൃശ്യഭംഗി കാണാൻ നിരവധി പേരാണെത്തുന്നത്.
കായലോരത്തെ പോള പായലും പുല്ലും നീക്കി മാലിന്യ വിമുക്തമാക്കണമെന്ന ജനകീയാവശ്യം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. അഷ്ടമി ഉത്സവത്തിന്റെ മാറ്റ് കൂട്ടാൻ നഗരസഭ അധികൃതർ ഉടൻ കായലോരം ശുചീകരിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.