കല്ലറ കളമ്പുകാട് മൂന്നു വീടുകളില്‍ മോഷണം
1478836
Wednesday, November 13, 2024 7:26 AM IST
കടുത്തുരുത്തി: കല്ലറ കളമ്പുകാട് മൂന്നു വീടുകളില്‍ മോഷണം. ചന്തപ്പറമ്പ് കുടിലില്‍ (കുഴിവേലില്‍) സ്റ്റീഫന്‍, ഇദ്ദേഹത്തിന്റെ സഹോദരന് പരേതനായ ജോസ്, സമീപത്തുള്ള കൊച്ചുപുത്തന്‍പുരയ്ക്കല്‍ സെബി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ രണ്ടുപേർ മോഷണം നടത്താനെത്തിയതായി കാണുന്നുണ്ട്. സ്റ്റീഫനും കുടുംബവും, സഹോദരന്റെ ഭാര്യ തങ്കമ്മ ജോസും മക്കളുമെല്ലാം അമേരിക്കയിലാണ് താമസം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
സെബിന്റെ വീട്ടിലാണ് ആദ്യം മോഷ്ടാക്കളെത്തിയത്. വാതില്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ സെബിന്റെ അമ്മ ലൂസി ജേക്കബ് ശബ്ദം കേട്ട് ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആള്‍ത്താമസമില്ലാത്ത സ്റ്റീഫന്റെയും സഹോദരന്റെയും വീടുകളില്‍ മോഷ്ടാക്കളെത്തിയത്.
വീടിന്റെ കതകുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചു സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. സെബിന്റെ വീട്ടില്‍ മോഷണശ്രമം നടന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സ്റ്റീഫന്റെ വീട് തുറന്നുകിടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സ്റ്റീഫന്റെ സുഹൃത്തുക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തിയപ്പോഴാണ് ഇവിടെയും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലും മോഷണം നടന്ന കാര്യമറിയുന്നത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
നിര്‍ദിഷ്ട മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്നതിനായി സര്‍ക്കാരിലേക്കു കൈമാറിയ കെട്ടിടത്തിനു സമീപമുള്ള വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്. കല്ലറയില്‍ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.