പാലൂർക്കാവ് സ്കൂളിനു സമീപത്ത് കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1478731
Wednesday, November 13, 2024 5:50 AM IST
പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് സ്കൂളിനു സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കഴിഞ്ഞ കുറേ നാളുകളായി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു.
മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യജീവനു ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് പെരുവന്താനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കോരുത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിലും ജനവാസ മേഖലയിൽ ഇറങ്ങി ശല്യമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നിരുന്നു. കഴിഞ്ഞ വർഷം ശബരിമല സീസണു മുന്നോടിയായി പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ലോറിയിൽ കാട്ടുപന്നികളെ കൊണ്ടുവന്ന് ഇറക്കിവിട്ടെന്ന ആരോപണം ഉയർന്നിരുന്നു.
സമാനമായ രീതിയിൽ കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ കൊണ്ടുവന്നു വിടുന്നതായി കഴിഞ്ഞദിവസവും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ശല്യക്കാരായ കാട്ടുപന്നികളെ പെരുവന്താനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നത്.