അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി: രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം
1479076
Thursday, November 14, 2024 7:17 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കാൻ അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
അതിരമ്പുഴ പഞ്ചായത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരും സാധാരണക്കാരുമായ ജനങ്ങളുടെ ആശ്രയമാണ് അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി. ഇവിടെ രാത്രിയിൽ ഡോക്ടറുടെ സേവനം നിർത്തലാക്കിയതോടെ രോഗികൾ ദുരിതത്തിലായി. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കും ചെറിയ അപകടങ്ങൾക്കും ഏഴു കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
ഇതേ സാഹചര്യം നേരിട്ട ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കാൻ ഏറ്റുമാനൂർ നഗരസഭ തയാറായി. ഇതേമാതൃകയിൽ ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി തയ്യാറാകണമെന്നാണ് നിവേദനത്തിലെ ആവശ്യം.
കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം കൈമാറി. മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിൽ, എൻ.എ. മാത്യു, പഞ്ചായത്ത് മെംബർമാരായ ജോസ് അഞ്ജലി, സിനി ജോർജ്, ഭാരവാഹികളായ ജിമ്മി മാണിക്കത്ത്, ജോയി തോട്ടനാനിൽ, മണി അമ്മഞ്ചേരി, ഷിജോ ഗോപാലൻ, ജോഷി കരിമ്പുകാല, അരുൺ ഉള്ളമ്പള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സർക്കാർ ഉത്തരവ് പിൻവലിക്കണം: യുഡിഎഫ്
അതിരമ്പുഴ: അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ രാത്രികാല സേവനം നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി.
ഡോ. വന്ദന ദാസിന്റെ ദാരുണ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാരുടെ രാത്രികാല സേവനം പിൻവലിച്ചതിനാലാണ് അതിരന്പുഴയിൽ രാത്രികാല ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്.
സംസ്ഥാന സർക്കാർ അടിയന്തരമായി ഈ ഉത്തരവ് പിൻവലിച്ച് മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാത്രികാല ചികിത്സയ്ക്കായി ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് യുഡിഎഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജോറോയി പൊന്നാറ്റിൽ, ജൂബി ഐക്കരക്കുഴി, തോമസ് പുതുശേരി, ഷാജഹാൻ നെടുവേലിപീടിക എന്നിവർ ആവശ്യപ്പെട്ടു.