മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദനം: രണ്ടുപേര്‍ അറസ്റ്റില്‍
1492150
Friday, January 3, 2025 5:37 AM IST
പൊന്നാനി: മുന്‍ കൗണ്‍സിലറെയും കുടുംബത്തെയും വീട്ടില്‍ കയറി അക്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ സ്വദേശികളായ കളരിപറമ്പില്‍ ഹൃതിക് (23), ഇയാളുടെ സുഹൃത്ത് മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. തേവര് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി വീടിനു സമീപത്ത് രാത്രിയില്‍ ലഹരി ഉപയോഗിച്ച് ബഹളംവച്ചതിനെ പരിസരവാസികള്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ സഹോദരനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ കളരിപറമ്പില്‍ ശ്യാമളയെയും കുടുംബത്തെയും സംഘം ചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
തിരൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നിര്‍ദേശത്തെ തുടർന്ന് പൊന്നാനി സിഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പെട്ടിട്ടുണ്ടോയെന്ന വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.