സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും
1492138
Friday, January 3, 2025 4:58 AM IST
താനൂർ: താനൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനു സമാപനമായി നടക്കുന്ന പൊതുസമ്മേളനം ചീരാൻകടപ്പുറം നഗറിൽ ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് ഹാർബർ പരിസരത്തുനിന്നുമാണ് ചുവപ്പ് വോളണ്ടിയർ മാർച്ച് ആരംഭിക്കുന്നത്. 5000ത്തിലേറെ വോളണ്ടിയർമാർ മാർച്ചിൽ അണിനിരക്കും. പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയിൽ നിന്നാരംഭിക്കും.
കാൽ ലക്ഷം പേർ പ്രകടനത്തിൽ അണിനിരക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുമുള്ള ബഹുജനങ്ങൾ മാത്രമാണ് പൊതുപ്രകടനത്തിൽ പങ്കാളികളാകുന്നത്.
പുതിയ ജില്ലാ കമ്മിറ്റിയെയും ഇന്നു തെരഞ്ഞെടുക്കും. മൃദുസമീപനം ഉപേക്ഷിച്ച് മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നയം ഇന്നത്തെ പൊതുസമ്മേളനത്തിൽ പ്രതിഫലിച്ചേക്കാം. വൈകുന്നേരം 5.30ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. പ്രകടനം ഉച്ചക്കുശേഷം മൂന്നിന് താനൂർ ബീച്ച് റോഡ് പരിസരത്തെ മൈതാനിയിൽ നിന്നാരംഭിക്കും.
പ്രകടനത്തിൽ പങ്കെടുക്കാനായി വരുന്നവരെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇറക്കണം. വാഹനങ്ങൾ മൂലക്കൽ - ചക്കരമൂല വഴി ഉണ്യാൽ ഫിഷറീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചുവപ്പ് വോളണ്ടിയറുമായി വരുന്ന വാഹനങ്ങൾ താനൂർ ഹാർബർ പരിസരത്ത് ഇറക്കിയതിന് ശേഷം തീരദേശ റോഡിലൂടെ അഞ്ചുടി പാർക്കിംഗ് ഗ്രൗണ്ട്, ചീരാൻകടപ്പുറം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ "മതേതര മലപ്പുറം മുന്നോട്ട്’ എന്ന സുവനീർ പ്രകാശനം ചെയ്തു.ടി.കെ. ഹംസ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.കെ.ടി. ജലീൽ, പ്രഫ.എം.എം. നാരായണൻ, ഡോ.പി.പി. അബ്ദുറസാഖ്, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. സ്മിത എന്നിവരുടെ ലേഖനങ്ങളാണ് സുവനീറിൽ പ്രധാനം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടിക്ക് കൈമാറി സുവനീർ പ്രകാശനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ. ശ്രീമതി, എളമരം കരീം, പി. സതീദേവി, സംസ്ഥാന കമ്മിറ്റിയംഗം വി.പി. സാനു, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയൻ എന്നിവർ പങ്കെടുത്തു.