ലിറ്റിൽ ഫ്ലവർ സ്കൂളിൽ "സീഡ് ബോംബ്' സമ്മാനിച്ച് പുതുവർഷാഘോഷം
1492134
Friday, January 3, 2025 4:58 AM IST
കരുവാരകുണ്ട്: ലിറ്റിൽ ഫ്ലവറിലെ വിദ്യാർഥികൾ ഇത്തവണ പുതുവർഷത്തെ വരവേറ്റത് വ്യത്യസ്തമായ പ്രവൃത്തിയിലൂടെയാണ്. ക്രിസ്മസ് അവധിക്കാലം ഉപയോഗപ്പെടുത്തി മണ്ണ് കുഴച്ച്, അതിൽ ജൈവവളം ചേർത്ത് ഉരുളകളാക്കി അതിനുള്ളിൽ പച്ചക്കറികൾ, പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ വിത്തുകൾ അടക്കം ചെയ്ത മുന്നൂറോളം സീഡ് ബോംബുകൾ തയാറാക്കി അത് പരസ്പരം കൈമാറിയാണ് പുതുവർഷം ആഘോഷമാക്കിയത്.
ആറാം ക്ലാസ്സിലെ വിദ്യാർഥികളാണ് ക്ലാസ് ടീച്ചർ ബിന്ദുവിനോടൊപ്പം ഈ പരിപാടിയിൽ പങ്കുചേർന്നത്. സീഡ് ബോംബ് നിക്ഷേപിക്കുന്നിടത്ത് നിന്നും മനോഹരമായ ഫലവൃക്ഷങ്ങളോ, പൂച്ചെടികളോ, പച്ചക്കറികളോ വളർന്നുവരും, അത് പുതുവർഷ പിറവിപോലെ തന്നെ ഒരു പുതു സംരംഭത്തിന് തുടക്കമാകും എന്നാണ് ഇവർ അവകാശപ്പെടുന്നത്.
കുട്ടികൾ പ്രിൻസിപ്പൽ സിസ്റ്റർ മേരിജക്ക് ആദ്യ സീഡ് ബോംബ് കൈമാറികൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നേഹ സാദിക്ക്, ഇഫ്ര മെഹറിൻ, ഇസ നൗറി, അനാമിക, കാർത്തിക, നിവേദ്യ, റിയ, റയാൻ, അലൻ, ആന്റോ, ആസിം എന്നിവർ നേതൃത്വം നൽകി.