മണലായ-മുതുകുര്‍ശി റോഡ്; അവശേഷിക്കുന്ന ഭാഗം കൂടി നവീകരിക്കും
1492133
Friday, January 3, 2025 4:58 AM IST
പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ്-ഏലംകുളം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണലായ-മുതുകുര്‍ശി റോഡ് ആധുനിക രീതിയില്‍ നവീകരിക്കും. നജീബ് കാന്തപുരം എംഎല്‍എ ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
മഞ്ഞളാംകുഴി അലി എംഎല്‍എ അനുവദിച്ച രണ്ടുകോടി രൂപ വിനിയോഗിച്ചു കൊണ്ടുള്ള ആദ്യഘട്ട പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ന്നുള്ള മണലായ മുതല്‍ മുതുകുര്‍ശി വരെയുള്ള നാലു കിലോമീറ്ററാണ് ഇനി നവീകരിക്കുന്നത്. ബിഎം ആൻഡ് ബിസി രീതിയിലാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി 2024-25 വര്‍ഷത്തെ ബജറ്റ് വിഹിതത്തിലെ മുഴുവന്‍ തുകയും നജീബ് കാന്തപുരം എംഎല്‍എയാണ് അനുവദിച്ചത്.
റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മജീദ് മാസ്റ്റര്‍ മണലായ, പി.ടി. സെയ്ത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാലകത്ത് ഷൗക്കത്ത്,
ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ടി. നൗഷാദലി, സഫ്വാന, ടി.കെ. ഹംസ, ഹുസ്സയിന് മാടാല, ഷൈഷാദ് തെക്കേതില്‍, സുരേഷ് മഠത്തില്‍, എന്‍.പി മുരളി, സി.കെ. റഫീഖ്, ടി.പി മോഹന്‍ദാസ് എന്നിവർ സംസാരിച്ചു.