മുഖ്യമന്ത്രി പറഞ്ഞതാണ് ശരി സനാതനധര്‍മം ചാതുര്‍വര്‍ണ്യം തന്നെ: എം.വി. ഗോവിന്ദന്
1492116
Friday, January 3, 2025 4:20 AM IST
മലപ്പുറം: സനാതന ധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമല്ലെന്ന വി.ഡി.സതീശന്റെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശന് ഹിന്ദു വര്‍ഗീയതയെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ വിവിധ നേതാക്കള്‍ രംഗത്തെത്തുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിച്ചത്.
ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാര്‍ പറയുന്നത്. ഇതിനു ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചത്. സനാതനധര്‍മത്തിന്റെ പേരില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമം.
ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരണം ഉയര്‍ന്നുവരണം. വര്‍ഗീയവാദികളുടെ പരസ്പര ഏറ്റുമുട്ടലില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഇല്ലെന്നും ഇരുകൂട്ടരും ശക്തിപ്പെടുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെയും സംഘപരിവാറിനെയും നേരിടുന്നതും സംഘപരിവാറിനെ എതിര്‍ക്കാതെ ന്യൂനപക്ഷ വര്‍ഗീയതെ എതിര്‍ക്കുന്നതും ഫലപ്രദമല്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ചൂരല്‍മല ദുരന്തം അതിതീവ്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ അംഗീകരിച്ചെങ്കിലും ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.