മാലാപറമ്പ് എടത്തറച്ചോലയില് ശുചിമുറി മാലിന്യം തള്ളി
1478973
Thursday, November 14, 2024 5:32 AM IST
മാലാപറമ്പ്: എടത്തറച്ചോല ചെക്ക് ഡാമില്‍ സാമൂഹികവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായി. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നു തള്ളിയതതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കുരുവമ്പലം ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ചോലയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ചോലയില്‍ ചെക്ക്ഡാം നിര്‍മിച്ച് മാലാപറമ്പിന്റെ താഴ് ഭാഗങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ചെക്ക്ഡാം നിര്‍മിച്ചതോടെ നാട്ടുകാര്‍ ചെറിയ പൈപ്പ് ലൈന്‍ വഴി വെള്ളം ശേഖരിച്ച് കുടിവെള്ളമായും ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ വെള്ളത്തിനു നിറംമാറ്റവും ദുര്‍ഗന്ധവും അനുഭവപ്പെട്ടപ്പോഴാണ് പ്രദേശവാസികള്‍ ഡാം സന്ദര്‍ശിച്ചതും ശുചിമുറി മാലിന്യം തള്ളിയതായി ശ്രദ്ധയില്‍പെട്ടതും. പുലാമന്തോള്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനാല്‍ ശുചിത്വം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് സാമൂഹികദ്രോഹികളുടെ വിളയാട്ടമെന്നതും ആശങ്ക പടര്‍ത്തുന്നു.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യയുടെ നേതൃത്വത്തില്‍ വാര്‍ഡ് അംഗം ഷിനോസ് ജോസഫ്, കെ.മുഹമ്മദ് മുസ്തഫ എന്നിവര്‍ കുളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രദേശത്തുള്ള നിരീക്ഷണ കാമറകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.